ബംഗളൂരു: ഇന്ത്യയില്‍ നിന്നും ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി നടപടികള്‍ ആരംഭിച്ച് അര്‍ജന്റീന. ഇത് സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലുമായി ധാരണപത്രം അര്‍ജന്റീനിയന്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. സൈനിക ആവശ്യങ്ങള്‍ക്കായുള്ള ലൈറ്റ്, സെമി യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് ഇന്ത്യയില്‍ നിന്നും അര്‍ജന്റീന വാങ്ങുന്നത്.
ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡിന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അര്‍ജന്റീനിയന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് തെയ്ന, എച്ച്എഎല്‍ സിഎംഡി സി.ബി അനന്തകൃഷ്ണന്‍ എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. അര്‍ജന്റീനിയന്‍ ആഭ്യന്തര സെക്രട്ടറി ഫ്രാന്‍സിസ്‌കോ സെലാരിയോ, ഇന്ത്യയിലെ അര്‍ജന്റീനിയന്‍ അംബാസിഡര്‍ ജേവ്യര്‍ ഗോബ്ബി, അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ദിനേശ് ഭാട്ടിയ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
2019 ഫെബ്രുവരിയില്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ പ്രതിരോധ സഹകരണത്തിന് ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. നിലവില്‍ അര്‍ജന്റീനയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപര പങ്കാളിയാണ് ഇന്ത്യ.
ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സിന്റെ 20 പ്രചണ്ഡ് ഹെലികോപ്റ്ററുകളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നതെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ കരസേന, വായു സേന വിഭാഗങ്ങളുടെ ഭാഗമാണ് നിലവില്‍ പ്രചണ്ഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.