സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ തലച്ചോറിലെ മാറ്റങ്ങള്‍ പഠിക്കാന്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് സ്വയം ശസ്ത്രക്രിയ: യുവാവ് ഗുരുതരാവസ്ഥയില്‍

സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ തലച്ചോറിലെ മാറ്റങ്ങള്‍ പഠിക്കാന്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് സ്വയം ശസ്ത്രക്രിയ: യുവാവ് ഗുരുതരാവസ്ഥയില്‍

മോസ്‌കോ: സ്വപ്‌നം കാണുമ്പോള്‍ തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന് തലച്ചോറില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേല്‍ റഡുഗയാണ് തലയില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. തലച്ചോറില്‍ ഏറ്റ ക്ഷതവും ലിറ്റര്‍ കണക്കിന് രക്തം നഷ്ടപ്പെട്ടതും മൂലം ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ന്യൂറോ സര്‍ജന്‍മാര്‍ ശസ്ത്രക്രിയ നടത്തുന്ന വീഡിയോകള്‍ യൂട്യൂബില്‍ കണ്ട ശേഷമായിരുന്നു സ്വയം ശസ്ത്രക്രിയ നടത്തിയത്. ഇതിനായി ശക്തിയേറിയ ഡ്രില്ലിംഗ് മെഷീന്‍ വാങ്ങി. ഇതുപയോഗിച്ച് തലയോട്ടിയില്‍ ദ്വാരമുണ്ടാക്കിയാണ് മൈക്രോചിപ്പ് ഘടിപ്പിക്കാന്‍ ശ്രമിച്ചത്.

സ്വപ്നങ്ങളെ നിയന്ത്രിക്കുകയും സ്വപ്നങ്ങള്‍ കാണുമ്പോള്‍ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയുമായിരുന്നു മിഖായേല്‍ റഡുഗയുടെ ലക്ഷ്യം. മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ആദ്യം ന്യൂറോ സര്‍ജന്‍മാരെ സമീപിക്കാനായിരുന്നു തീരുമാനിച്ചത്.

പക്ഷേ വന്‍ ചെലവ് വരുമെന്ന് കണ്ടതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷനുവേണ്ട എല്ലാം സ്വയം സജ്ജീകരിച്ചത്. എന്നാല്‍ ശസ്ത്രക്രിയ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായി. വേദന സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു.

ഇതിനൊപ്പം വന്‍തോതില്‍ രക്തവും നഷ്ടമായി. ഇതോടെ മിഖായേല്‍ തീര്‍ത്തും അവശനായി. നാലുമണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന ഇയാളെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.