പാലായുടെ സംസ്‌കാരവും കുലീനതയും കാത്തുസൂക്ഷിക്കുന്ന സ്ഥാനപതികളായി പ്രവാസികള്‍ ശോഭിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലായുടെ സംസ്‌കാരവും കുലീനതയും കാത്തുസൂക്ഷിക്കുന്ന സ്ഥാനപതികളായി പ്രവാസികള്‍ ശോഭിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: പാലായുടെ സംസ്‌കാരവും കുലീനതയും കാത്തുസൂക്ഷിക്കുന്ന സ്ഥാനപതികളായി പ്രവാസികള്‍ ശോഭിക്കണമെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു.
പാലാ പ്രവാസി അപ്പസ്‌തോലേറ്റിന്റെ രണ്ടാം വാര്‍ഷികം (KOINONIA- 2023) പാലാ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.

ദൈവശാസ്ത്രപരമായും സമുദായ ദേശ സ്‌നേഹവും വിശ്വാസതയും ഉള്ള സമൂഹമാണ് പാലായില്‍ നിന്നും മറ്റു രാജ്യങ്ങളിലുള്ള പ്രവാസികള്‍. യേശുവിന്റെ ശിഷ്യന്മാരാണ് ആദ്യ പ്രവാസികള്‍ എന്നറിയപ്പെടുന്നത്. ആ പാത പിന്തുടരുന്നവരാണ് യഥാര്‍ത്ഥ പ്രവാസികള്‍. വിശ്വാസ സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ ഉള്‍ക്കാഴ്ച നോക്കി കണ്ടു കൊണ്ട് സഭയുടെ വിശ്വാസത്തില്‍ തലമുറയെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്നോട്ട് മാറരുതെന്നും ബിഷപ്പ് പറഞ്ഞു.

മാതൃ രൂപതയുമായി ബന്ധം പുലര്‍ത്തുന്ന പ്രവാസികളെ ബിഷപ് അഭിനന്ദിച്ചു. പാലാ രൂപതയ്ക്ക് പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെന്നും ആ വിദ്യാഭ്യാസ സ്ഥാപനങ്ങളലിലൂടെ സുവിശേഷത്തിന്റെ സന്ദേശവും ചൈതന്യവും കൈവരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളിലും സഭ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിച്ചു വരുന്നതായും ബിഷപ് കൂട്ടിച്ചേര്‍ത്തു.

പാലാ രൂപതയിലെ മോണ്‍ സിഞ്ഞോര്‍ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. പാലാ പ്രവാസി അപ്പോസ്‌തോലത്തിന്റെ കൂടിവരവ് ഐക്യത്തിന്റെ വേദിയാക്കി മാറ്റണമെന്നും മറ്റ് രൂപതകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകണം എന്നും പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. വിശുദ്ധ ഗ്രന്ഥമായ സത്യവേദ പുസ്തകത്തിന് ആധാരം തന്നെ പ്രവാസികളാണ്. പ്രവാസത്തിനായി പോയ യേശുവിനെയും ശിഷ്യന്മാരെയും നാം മാതൃകയാക്കണം. കൂടാതെ, പ്രവാസിയെന്നത് പുരോഗമനത്തിന്റെ ഭാഗമാണെന്ന് വിസ്മരിക്കരുതെന്നും ബിഷപ് ഓര്‍മിപ്പിച്ചു.

വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറണമെന്ന് ചടങ്ങില്‍ സംസാരിച്ച മോണ്‍ സിഞ്ഞോര്‍ റവ.ഡോ.ജോസഫ് മലേപ്പറമ്പില്‍ പറഞ്ഞു. സഭയുടെ സാമൂഹ്യ സേവന വിഭാഗത്തിലും പാലാ രൂപത കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ പങ്കാളികളാകണമെന്ന് ഫാ.തോമസ് കിഴക്കേല്‍ ഓര്‍മ്മിപ്പിച്ചു. കൃഷികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നിലനില്‍ക്കുന്ന പാലാ രൂപത മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചു വരുന്നതെന്നും 11 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളിലൂടെ പാലാ രൂപതയിലെ കര്‍ഷകരുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനായി പ്രവാസികളെ ക്ഷണിക്കുകയും ചെയ്തു.

ചടങ്ങില്‍ പാലാ രൂപതയുടെയും പാലാ പ്രവാസി അപ്പസ്‌തോലേറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന് സിവി പോള്‍ നേതൃത്വം നല്‍കി. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന കലാപരിപാടികളില്‍ കുഞ്ഞുങ്ങള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചു. വി. സ്‌തേഫാനോസിനെ ജീവിതം ആധാരം ആക്കി അഥേനാ ഷാജിയുടെ നാടോടി നൃത്തവും ഡോണ്‍, ഡോണ, ഡെറിക്ക് എന്നീ സഹോദരങ്ങളുടെ ഗാനലാപനവും കണ്ണിനും കാതിനും കുളിര്‍മയേകി.

പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലായി താമസമാക്കിയിട്ടുള്ള സഭാമക്കളെ ഒരുമിച്ചു കൂട്ടി പാലായുടെ വിശ്വാസവും പാരമ്പര്യവും കൂടുതല്‍ ഉണര്‍വ്വോടെ ഓരോരുത്തരും താമസിക്കുന്ന നാടിനും അടുത്ത തലമുറയ്ക്കും പകര്‍ന്നു നല്‍കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

പാലാ പ്രവാസി അപ്പസ്‌തോലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ 55 രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇനിയും ഇതിനെക്കുറിച്ച് അറിയാത്തവരിലേക്ക് എത്തിക്കാനും കൂട്ടായ്മയില്‍ ചേര്‍ക്കാനും എല്ലാവരും പരിശ്രമിക്കണമെന്ന് പാലാ രൂപതാ പ്രവാസി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ പറഞ്ഞു.

പാലാ പ്രവാസി അപ്പസ്‌തോലേറ്റിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് കലാമത്സരങ്ങളും ക്രമീകരിച്ചിരുന്നു.ഇടവക, രൂപതാ തലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് നിര്‍ധനരായ രോഗികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടിയുള്ള വീല്‍ചെയര്‍ വിതരണ പദ്ധതിയും നടപ്പാക്കി.

ചടങ്ങിനോടനുബന്ധിച്ച് മെത്രാഭിഷേകത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ബിഷപ്പ് ഓഫ് എമിറിറ്റസ് മാര്‍ ജോസഫ് പള്ളിക്കപറമ്പിലിനെയും ചടങ്ങില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു. കൂടാതെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കോ-ഓര്‍ഡിനേറ്റര്‍മാരുടെ അഭിപ്രായങ്ങളും അവരുടെ അനുഭവ സാക്ഷ്യങ്ങളും ചടങ്ങില്‍ അവര്‍ പങ്കുവെച്ചു.


പ്രവാസി അപ്പസ്‌തോലേറ്റിന്റെ അസി. ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, മിഡില്‍ ഈസ്റ്റ് കോ- ഓര്‍ഡിനേറ്ററും കൊയ്‌നോനിയ 23 ന്റെ ജനറല്‍ കണ്‍വീനറുമായ ജൂട്ടാസ് പോള്‍, മിഡില്‍ ഈസ്റ്റ് ട്രഷറര്‍ സോജിന്‍ കെ. ജോണ്‍,  യുകെ പ്രതിനിധി റോളിന്‍ തോമസ്, യുഎഇ പ്രതിനിധി മാത്യു ലോന്തിയില്‍, മിഡില്‍ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ലിസി കെ.ഫെര്‍ണാണ്ടസ്, റിട്ടേണിസ് പ്രതിനിധി ഡിജേഷ് ജോര്‍ജ് നെടിയാനി, പിഡിഎംഎ സെക്രട്ടറി ഷിനോജ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.