ഭീകരാക്രമണങ്ങള്‍ ഭയന്ന് വിശുദ്ധ കുര്‍ബാനയില്‍ പോലും പങ്കെടുക്കാതെ ബുര്‍ക്കിന ഫാസോയിലെ ക്രൈസ്തവര്‍; പള്ളികള്‍ അനാഥമാക്കപ്പെട്ട നിലയിലെന്ന് കത്തോലിക്ക ബിഷപ്പ്

ഭീകരാക്രമണങ്ങള്‍ ഭയന്ന് വിശുദ്ധ കുര്‍ബാനയില്‍ പോലും പങ്കെടുക്കാതെ ബുര്‍ക്കിന ഫാസോയിലെ ക്രൈസ്തവര്‍; പള്ളികള്‍ അനാഥമാക്കപ്പെട്ട നിലയിലെന്ന് കത്തോലിക്ക ബിഷപ്പ്

ഔഗഡൗഗൗ (ബുര്‍ക്കിന ഫാസോ): രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ ഭയന്ന് മതസ്വാതന്ത്ര്യം പോലും വിലക്കപ്പെട്ട് ബുര്‍ക്കിന ഫാസോയിലെ ക്രൈസ്തവര്‍. കൂട്ടക്കുരുതികളും പലായനങ്ങളും തുടര്‍ക്കഥയായ ഈ പശ്ചിമ ആഫ്രിക്കന്‍ രാജ്യത്ത് ഞായറാഴ്ച്ചകളില്‍ പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോലും ഭയക്കുകയാണ് വിശ്വാസികള്‍.

കത്തോലിക്ക പള്ളികളില്‍ ഉള്‍പ്പെടെ ആരാധനാലയങ്ങളില്‍ ഉണ്ടാകുന്ന അതിക്രൂരമായ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ജീവന്‍ തിരിച്ചുകിട്ടുന്നവരാകട്ടെ സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. ആക്രമണങ്ങള്‍ ഭയന്ന് അംഗങ്ങള്‍ വിട്ടുനില്‍ക്കുന്നതിനാല്‍ നിരവധി കത്തോലിക്കാ ഇടവകകള്‍ അനാഥമായ നിലയിലാണെന്ന് ഡോറി കത്തോലിക്കാ രൂപതാ ബിഷപ്പ് ലോറന്റ് ബിര്‍ഫ്യൂറെ ഡാബിറെ പറയുന്നു.

ക്രൈസ്തവ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ഇന്റര്‍നാഷണലിന് നല്‍കിയ അഭിമുഖത്തില്‍ ബുര്‍ക്കിനാ ഫാസോയിലെ ജനങ്ങളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബിഷപ്പ് അവരുടെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞു.

'ബുര്‍ക്കിനാ ഫാസോയുടെ 50 ശതമാനവും ഭീകരര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ഭീകരാക്രമണങ്ങള്‍ ഭയന്ന് ധാരാളം കത്തോലിക്ക വിശ്വാസികളാണ് പള്ളികളിലെ ആരാധന ഒഴിവാക്കുന്നത്. ഞങ്ങള്‍ അവരുടെ ആശങ്ക ഉള്‍ക്കൊള്ളുന്നു. അവരുടെ ധൈര്യത്തിനപ്പുറം പോകാന്‍ ഞാന്‍ ആവശ്യപ്പെടില്ല - ബിഷപ്പ് ലോറന്റ് ബിര്‍ഫ്യൂറെ പറയുന്നു.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നേരെ ഭീകരത നടമാടുകയാണ്. ഇസ്ലാമിക ഭീകരരുടെ പാത പിന്തുടരാത്ത മുസ്ലീങ്ങള്‍ പോലും ആക്രമണത്തിന് ഇരകളാകുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ഏറ്റവും കുപ്രസിദ്ധമായ തീവ്രവാദ സംഘടനയാണ് സപ്പോര്‍ട്ട് ഗ്രൂപ്പ് ഫോര്‍ ഇസ്ലാം ആന്‍ഡ് മുസ്ലിംസ്. സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബഹുസ്വര സമൂഹത്തെ അടിച്ചമര്‍ത്തുക എന്നതാണ് ഈ തീവ്രവാദികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ഡോറി ബിഷപ്പ് വ്യക്തമാക്കുന്നു.

ബുര്‍ക്കിനാ ഫാസോയില്‍ നിരന്തരമുണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ഭയന്ന് തന്റെ രൂപതയിലെ ആറ് ഇടവകകളില്‍ മൂന്നെണ്ണം ഉപേക്ഷിക്കേണ്ടി വന്നതായി ബിഷപ്പ് ലോറന്റ് ബിര്‍ഫ്യൂറെ പറയുന്നു. രാജ്യത്തെ ജനങ്ങള്‍ തീരാത്ത ദുരിതത്തിലാണ്. പലര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു, സ്വത്തുക്കള്‍ നഷ്ടമായി...

'സംഭാവനകളിലൂടെയും റേഡിയോ പ്രക്ഷേപണങ്ങളിലൂടെയും കത്തോലിക്ക സഭ പരമാവധി പിന്തുണ അംഗങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ക്ക് കഴിയുന്ന വിധത്തിലുള്ള സഹായങ്ങള്‍ അവിടെ ചെയ്യുന്നു. ചില സാഹചര്യങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും വിദൂര പ്രദേശങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയാറുണ്ട്'.

ബുര്‍ക്കിന ഫാസോ ആന്‍ഡ് നൈജറിലെ സംയുക്ത ബിഷപ്പ് കോണ്‍ഫറന്‍സ്, ബുര്‍ക്കിന ഫാസോ ആന്‍ഡ് നൈജറിലെ കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് (സിഇബിഎന്‍) എന്നിവയുടെ അധ്യക്ഷന്‍ കൂടിയാണ് ബിഷപ്പ് ലോറന്റ് ബിര്‍ഫ്യൂറെ ഡാബിറെ.

2015 മുതലാണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ രൂക്ഷമാകുന്നത്. മാലിയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ സ്വദേശികളും വിദേശികളുമായ ഇസ്ലാമിക ഭീകരവാദികള്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണ്. ഭീകരാക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നതിനു പുറമേ മേഖലയില്‍ ജീവിക്കാന്‍ കഴിയാതെ നിരവധി പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്യുന്നതായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.