മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ന്യൂസിലന്‍ഡില്‍ മന്ത്രി രാജിവെച്ചു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ന്യൂസിലന്‍ഡില്‍ മന്ത്രി രാജിവെച്ചു

വെല്ലിങ്ടണ്‍: ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കണ്ടുപഠിക്കാന്‍ ന്യൂസിലന്‍ഡില്‍ നിന്നൊരു സംഭവം. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ രാജ്യത്തെ നീതിന്യായ വകുപ്പ് മന്ത്രി രാജിവെച്ചു. ക്രിമിനല്‍ കേസെടുത്തതിന് പിന്നാലെയാണ് 39 വയസുകാരിയായ മന്ത്രി കിരി അലന്‍ രാജിവെച്ചത്. ന്യൂസിലന്‍ഡില്‍ ഒക്ടോബര്‍ 14 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്രിസ് ഹിപ്കിന്‍സ് സര്‍ക്കാരിന് തിരിച്ചടിയാണ് മന്ത്രിയുടെ രാജി.

ഞായറാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. വെല്ലിങ്ടണില്‍ വെച്ച് കിരി അലന്റെ വാഹനം പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പൊലീസിന്റെ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മന്ത്രി അനുവദനീയമായതിലും കൂടിയ അളവില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് കിരി അലനെ പൊലീസ് നാലു മണിക്കൂറോളം ചോദ്യം ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് അലനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ അമിതമായി മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് കേസെടുത്തിട്ടില്ല. ഇതില്‍ അലനോട് വിശദീകരണം തേടിയതായും മറുപടി ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംഭവം വിവാദമായതോടെ, പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പാര്‍ലമെന്റ് അംഗമായി തുടരുമെന്നാണു സൂചന.

ലേബര്‍ പാര്‍ട്ടിയിലെ വളര്‍ന്നു വരുന്ന നേതാവായാണ് കിരി അലന്‍ അറിയപ്പെട്ടിരുന്നത്. പാര്‍ട്ട്ണറുമായി നേരത്തെയുണ്ടായ പരസ്യ തര്‍ക്കവും, ഓഫീസിലെ സഹ ജീവനക്കാരോടുള്ള മോശം പെരുമാറ്റവും കിരി അലനെ നേരത്തെയും വിവാദത്തിലാക്കിയിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയും പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.