കാനഡയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി

കാനഡയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ടു. 24 വയസുകാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. ജൂലൈ ഒന്‍പതിന്‌ പുലര്‍ച്ചെ 2.10-നായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ടനറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി പ്രദേശത്തെത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. കാര്‍ മോഷ്ടാക്കളുടെ ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റാണ് ഗുര്‍വിന്ദര്‍ നാഥ് കൊല്ലപ്പെട്ടത്.

അക്രമി സംഘം ഓര്‍ഡര്‍ നല്‍കിയ പിസ നല്‍കാനായി എത്തിയതായിരുന്നു ഗുര്‍വിന്ദര്‍. ഗുര്‍വിന്ദര്‍ സഞ്ചരിച്ച കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച അജ്ഞാത സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗുര്‍വിന്ദര്‍ ഉടന്‍ ബോധരഹിതനായി.

സംഭവത്തില്‍ ഒന്നിലധികം പ്രതികള്‍ ഉള്‍പ്പെട്ടതായി കനേഡിയന്‍ പൊലീസ് പറഞ്ഞു. ഡ്രൈവറെ ഈ പ്രത്യേക പ്രദേശത്തേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗമായാണ് പ്രതികള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്. ആക്രമണത്തിന് മുമ്പ് നല്‍കിയ പിസ ഓര്‍ഡറിന്റെ ഓഡിയോ റെക്കോര്‍ഡിങ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി പീല്‍ റീജണല്‍ പൊലീസിന്റെ ഹോമിസൈഡ് ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ ഫില്‍ കിംഗ് പറഞ്ഞു.

ഭക്ഷണവുമായി എത്തിയ ഗുര്‍വിന്ദര്‍ നാഥിനെ അക്രമിസംഘം മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുര്‍വിന്ദര്‍ നാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂലൈ 14ന് മരിച്ചു. വിദ്യാര്‍ഥിയുടെ മരണം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായും ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സിദ്ധാര്‍ഥ് നാഥ് പറഞ്ഞു.

കൊലപാതകത്തില്‍ കനേഡിയന്‍ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കം സംഭവ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അക്രമികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വാഹനം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതായും പ്രതികളെ സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. അക്രമികള്‍ക്ക് നാഥിനെ മുന്‍പരിചയമില്ലായിരുന്നു. ജൂലൈ 27 ന് നാഥിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും. 2021 ജൂലൈയിലാണ് നാഥ് കാനഡയിലെത്തിയത്. ഇവിടെ സ്വന്തം നിലക്ക് ബിസിനസ് നടത്താനായിരുന്നു ആഗ്രഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.