ന്യൂഡല്‍ഹി: മണിപ്പൂരിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്ത്യ പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖരായ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നാണ് വിവരം.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേക്കൊണ്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് പ്രതിപക്ഷം. സര്‍ക്കാരിനേക്കൊണ്ട് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിപ്പിക്കാനുള്ള അനുയോജ്യമായ മാര്‍ഗമായാണ് അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷം കണക്കാക്കുന്നത്. മണിപ്പുര്‍ വിഷയത്തില്‍ രാജ്യസഭയിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മണിപ്പൂരില്‍ 83 ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സമഗ്രമായ പ്രസ്താവന നടത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ഭയാനകമായ കഥകളാണ് അവിടെ നിന്നും വരുന്നത്. മണിപ്പൂരിലെ കലാപങ്ങളില്‍ പ്രധാനമന്ത്രി മറുപടി നല്‍കണം. വടക്കുകിഴക്കന്‍ മേഖലയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ട്വീറ്റില്‍ പറയുന്നു.
മണിപ്പൂര്‍ അക്രമത്തിന്റെ അനന്തരഫലങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇത് അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് ഗുണകരമല്ല. പ്രധാനമന്ത്രി അഹംഭാവം വെടിയണം. സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തെന്നും മണിപ്പൂരില്‍ എപ്പോള്‍ സാധാരണ നില കൈവരിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ഖാര്‍ഗെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നിന്നതോടെ ഇന്നും സഭ പ്രക്ഷുബ്ധമായി. തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് വരേയും രാജ്യസഭ 12 വരേയും നിര്‍ത്തിവെച്ചു.
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയും ആര്‍.ജെ.ഡി. എം.പി. മനോജ് സിന്‍ഹയും നോട്ടീസ് നല്‍കിയപ്പോള്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി. രഞ്ജീത് രഞ്ജനും ആവശ്യമുന്നയിച്ചു.
പ്രധാനമന്ത്രി സഭയിലെത്തി സ്വമേധയാ പ്രസ്താവന നടത്തണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ പ്രതിപക്ഷം ബഹളമാരംഭിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രധാനമന്ത്രി സഭയില്‍ സംസാരിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രതിപക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ആഭ്യന്തരമന്ത്രിയല്ല, പ്രധാനമന്ത്രി തന്നെ സംസാരിക്കണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.