ലണ്ടന്‍: മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് ബ്രിട്ടണ്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസാണ് മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവര്‍ മൃഗീയമായി വേട്ടയാടപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
മെയ് മാസത്തിന് ശേഷം നൂറിലധികം ക്രൈസ്തവ ദേവാലയങ്ങള്‍ മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ടുവെന്നും അതിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നും 50,000ത്തോളം പേര്‍ക്ക് ഭവനങ്ങള്‍ ഉപേക്ഷിക്കേണ്ടതായും വന്നുവെന്ന് പറഞ്ഞ അവര്‍ അക്രമങ്ങള്‍ ഗൂഢാലോചനകള്‍ക്ക് ശേഷം നടക്കുന്നതാണെന്ന സംശയവും പങ്കുവെച്ചു.
മതപരമായ ഒരുവശം അക്രമ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫിയോണ, വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ ഇംഗ്ലണ്ടിലെ സഭയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യവും ഉന്നയിച്ചു.
ഫിയോണ ബ്രൂസ് അധ്യക്ഷയായിട്ടുള്ള ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ഓഫ് ബ്രീഫ് അലയന്‍സിന് വേണ്ടി ബിബിസി ലേഖകന്‍ ഡേവിഡ് കമ്പാനെയില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് ജനസഭയില്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കപ്പെട്ടത്. മണിപ്പൂര്‍ കലാപത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അക്രമത്തിന്റെ ഇരകളില്‍ നിന്നും സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യത്തിന് പട്ടാളക്കാരെ അയക്കണമെന്നുളള നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കണമെന്നും വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് വിഷയത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്. മണിപ്പൂര്‍ കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞ ദിവസം യൂറോപ്യന്‍ പാര്‍ലമെന്റും പ്രമേയം പാസാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.