തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. ചിറയന്‍കീഴ് വലിയകടയില്‍ താമസിക്കുന്ന നാടോടികളായ ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്.
തമിഴ്നാട്ടിലെ വടശേരിയില്‍ നിന്നാണ് കുട്ടിയെ തട്ടിയെടുത്തത്. ഏറനാട് എക്സ്പ്രസ് ട്രെയിനിലാണ് പ്രതികള്‍ കുട്ടിയുമായി കടന്നു കളഞ്ഞതെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ കുട്ടിയെയാണ് ഇവര്‍ തട്ടിയെടുത്തത്. തുടര്‍ന്ന് ദമ്പതികള്‍ വടശേരി പൊലീസില്‍ പരാതി നല്‍കി. കേരളത്തിലേക്കുള്ള ട്രെയിനിലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസിനും വിവരം കൈമാറിയിരുന്നു.
ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിയെടുത്തത് എന്ന നിഗമനത്തില്‍ തമിഴ്നാട് ക്രൈംബ്രാഞ്ച് കേരളത്തിലെ ആരാധനാലയങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ, ചിറയന്‍കീഴ് പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ പട്രോളിങ്ങിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ശ്രദ്ധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി തമിഴ്നാട് പൊലീസിന് കൈമാറുകയും ചെയ്തു.
തമിഴ്നാട് പൊലീസാണ് വടശേരിയില്‍ നിന്നും കാണാതായ കുട്ടിയാണിതെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ കുട്ടിയുമായി സ്റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കുട്ടിയെ വളര്‍ത്താനാണ് കൊണ്ടു വന്നതാണെന്നാണ് പിടിയിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയേയും പ്രതികളേയും ചിറയന്‍കീഴ് പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.