സിഡ്നിയിൽ വെടിവെയ്പ്പും കൊലപാതകങ്ങളും തുടരെ തുടരെ; അധോലോക സംഘങ്ങളെ നിയന്ത്രിക്കാനാവാതെ പൊലിസ്

സിഡ്നിയിൽ വെടിവെയ്പ്പും കൊലപാതകങ്ങളും തുടരെ തുടരെ; അധോലോക സംഘങ്ങളെ നിയന്ത്രിക്കാനാവാതെ പൊലിസ്

സിഡ്നി: സിഡ്നിയിൽ വെടിവെയ്പ്പും കൊലപാതകങ്ങളും പെരുകുന്നു. അധോലോക സംഘങ്ങളുടെ പ്രവർത്തനങ്ങൾ മൂലം കഴി‍ഞ്ഞ ദിവസങ്ങളിലായി മൂന്നു പേർ കൊല്ലപ്പെട്ടു. നഗരത്തിലെ വിവിധ ഭാ​ഗങ്ങളിൽ സംഘർഷം രൂക്ഷമാവുകയും തോക്ക് ഉപയോഗം വർധിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷ്യം വെച്ചുള്ള വെടിവയ്പ്പുകളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും ഇത് തടയാൻ പൊലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ന്യൂ സൗത്ത് വെയിൽസ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡേവിഡ് ഹഡ്‌സൺ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ആളുകളെ  ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. ഇത് ആശങ്കപ്പെടേണ്ട കാര്യമാണ്. ഓരോ വെടിവയ്പ്പിനും പിന്നിൽ വ്യത്യസ്ത കാരണങ്ങൾ ഉണ്ടെന്നും എന്നാൽ മിക്കവർക്കും സംഘടിത കുറ്റകൃത്യ ശൃംഖലകളുമായും സിഡ്‌നിയിലെ ലാഭകരമായ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരവുമായും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ പോലുള്ള മയക്കു മരുന്ന് ഉൽപ്പന്നങ്ങൾ സിഡ്നിയിൽ സുലഭമായി ലഭിക്കും. ഇരയും മറ്റ് രണ്ട് പുരുഷന്മാരും തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്നാണ് രാത്രിയിൽ വെടിവയ്പ്പ് നടന്നതെന്ന് കരുതുന്നു. വെടിവയ്‌ക്കുന്നതിന് തൊട്ടു മുമ്പ് രണ്ട് പേർ ഇരയുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നതായും കരുതുന്നെന്ന് ഹഡ്സൺ പറഞ്ഞു.

ബുധനാഴ്ച രാവിലെ ഗ്രീനേക്കറിലെ ക്രിമിനൽ അഭിഭാഷകൻ മഹ്മൂദ് അബ്ബാസിനെ വെടിവെച്ച് കൊന്നിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങളിൽ അബ്ബാസ് ഏർപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തു വന്നട്ടില്ല. ഏകദേശം 20 വയസ് മാത്രം പ്രായമുള്ള യുവാവാണ് വെടിവെച്ചത്. ശരീരത്തിൽ വെടിയേറ്റതിന്റെ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. രക്ഷാ പ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

തോക്കുധാരികൾ ഉപയോഗിച്ചതായി കരുതുന്ന രണ്ട് കത്തിനശിച്ച കാറുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ധിക്കാരപരവും അപകടകരവും കുറ്റകരവുമായ പെരുമാറ്റം അസഹനീയമാണ്. കുറ്റവാളികളെ കണ്ടെത്തുകയും പരമാവധി ശിക്ഷ നൽകുകയും ചെയ്യുമെന്ന് പോലീസ് മന്ത്രി യാസ്മിൻ കാറ്റ്‌ലി പറഞ്ഞു.

അബ്ബാസ് കാറിൽ കയറാൻ തുടങ്ങുമ്പോൾ അജ്ഞാതൻ എത്തി വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥൻ ആദം ജോൺസൺ പറഞ്ഞു. വ്യക്തമായി ടാർഗെറ്റുചെയ്‌ത ഷൂട്ടിംഗാണ് ഇത്. ഞായറാഴ്ച ഗ്രീനേക്കറിൽ മൂന്ന് പേർക്ക് വെടിയേറ്റിരുന്നു, 25 ഉം 22 ഉം വയസുള്ള പുരുഷന്മാർക്കും 19 വയസുള്ള സ്ത്രീക്കുമാണ് പരിക്കേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.