ലോക യുവജന സംഗമത്തിന് മുന്നോടിയായി ഫാത്തിമയിൽ സീറോ മലബാർ ഫെസ്റ്റിന് തുടക്കം

ലോക യുവജന സംഗമത്തിന് മുന്നോടിയായി ഫാത്തിമയിൽ സീറോ മലബാർ ഫെസ്റ്റിന് തുടക്കം

ലിസ്ബൺ: ഓ​ഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്ന ലോക യുവജന സംഗമത്തിന് മുന്നോടിയായി ഫാത്തിമയിൽ സീറോ മലബാർ ഫെസ്റ്റിന് തുടക്കം. ഭാരതത്തിന് പുറത്തുള്ള സീറോ മലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് കമ്പൈൻഡ് മിഷനാണ് ഫെസ്റ്റിന് നേതൃത്വം കൊടുക്കുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ട ഫാത്തിമക്ക് സമീപമുള്ള മിൻഡേ പട്ടണത്തിലാണ് ജൂലൈ 26 മുതൽ 31 വരെ ഫെസ്റ്റ് നടക്കുന്നത്.

ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം. അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടൺ എന്നീ സീറോമലബാർ രൂപതകളിൽനിന്നും യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽനിന്നും 300ൽപ്പരം പേരാണ് ഫെസ്റ്റിവെലിൽ പങ്കെടുക്കുക. സീറോമലബാർ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഇത്ര ബൃഹത്തായ സംഗമം ഒരു വിദേശരാജ്യത്ത് സംഘടിപ്പിക്കുന്നത് ഇതാദ്യമായിരിക്കും. ആത്മീയ ശുശ്രൂഷകൾക്കൊപ്പം സംവാദങ്ങളും ചർച്ചകളും ക്ലാസുകളും സംസ്‌ക്കാരിക പരിപാടികളും ഉൾപ്പെടുത്തിയിട്ടുള്ള ഫെസ്റ്റിവെലിൽ 15ൽപ്പരം രാജ്യങ്ങളിൽനിന്നുള്ള പ്രാതിനിധ്യം ഉണ്ടാകും.

ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, മിസിസാഗാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, മെൽബൺ എമരിത്തൂസ് ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരുടെ മുഴുവൻ സമയ പങ്കാളിത്തവും ഫെസ്റ്റിവെലിലുണ്ടാകും. സീറോമലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതിനിധിയായാണ് മാർ പുത്തൂർ പങ്കെടുക്കുന്നത്.

ജൂലൈ 26ന് വൈകീട്ട് മാർ സ്റ്റീഫൻ ചിറപ്പണത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ഫെസ്റ്റിവെലിന് തുടക്കമാകുക. സീറോമലബാർസഭയെയും അതിന്റെ അപ്പസ്തോലിക പാരമ്പര്യവും അനുഭവിച്ചറിയുക, സീറോമലബാർസഭയുടെ ദൗത്യത്തിലേക്കും പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുക, അവരെ മിഷനറി ചൈതന്യമുള്ള തീർത്ഥാടകരാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയുള്ള സെഷനുകൾക്ക് യുവജനപ്രേഷിത രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ നേതൃത്വം നൽകും.

മിൻഡേ പട്ടണത്തിൽനിന്ന് 12 കിലോ മീറ്റർ അകലെയുള്ള ഫാത്തിമാ ബസിലിക്കയിലേക്ക് നടത്തുന്ന കാൽനട തീർത്ഥാടനവും ഫെസ്റ്റിവെലിന്റെ മുഖ്യ ആകർഷണമാണ്. രാവിലെ 6.00ന് ജപമാല പ്രദക്ഷിണമായി നീങ്ങുന്ന യുവജനങ്ങൾ രാവിലെ 10.00ന് ഫാത്തിമാ സന്നിധിയിലെത്തും. തുടർന്ന് അർപ്പിക്കുന്ന ദിവ്യബലിയിൽ മാർ ബോസ്‌ക്കോ പൂത്തുരായിരിക്കും മുഖ്യകാർമികൻ. ഫാത്തിമയിൽ സീറോ മലബാർ റീത്തിൽ ആദ്യമായി അർപ്പിക്കപ്പെടുന്ന ദിവ്യബലികൂടിയായി ഇതു മാറും. തുടർന്ന് കുരിശിന്റെ വഴി പ്രാർത്ഥന. കുമ്പസാരിക്കാനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

അന്നേ ദിനം പൂർണമായും മരിയൻ സന്നിധിയിൽ സ്തുതിയാരാധനകളുമായി യുവജനങ്ങൾ തുടരും. 29ന് ലെയ്‌റ രൂപതയിലെ 10,000ൽപ്പരം വരുന്ന യുവജനങ്ങൾക്കൊപ്പമാകും ചെലവിടുക. ഒരുമിച്ചുള്ള ആത്മീയ ശുശ്രൂഷകൾക്കൊപ്പം സീറോമലബാർ പൈതൃകം അടയാളപ്പെടുത്തുന്ന സാംസ്‌ക്കാരിക പരിപാടികളും അന്നേ ദിനത്തെ സവിശേഷതയാകും. ലെയ്‌റ രൂപതയിലെ മൂന്ന് ഇടവകകളിലെ കുടുംബങ്ങളാണ് സീറോമലബാർ യുവജനങ്ങളുടെ ആതിഥേയർ.

ഇവർക്കൊപ്പം ദിവ്യബലിയിൽ പങ്കെടുത്തുകൊണ്ടാകും 30-ാം തിയതിയിലെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. യു.എസിൽ ജനിച്ചു വളർന്ന് ചിക്കാഗോ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച യുവവൈദീകരുടെ കാർമികത്വത്തിലാകും അന്നേ ദിനത്തെ ദിവ്യബലി അർപ്പണം. തങ്ങളുടെ ആതിഥേയർക്ക് സീറോമലബാർ പാരമ്പര്യം പരിചയപ്പെടുത്തുന്ന സാംസ്‌ക്കാരിക പ്രോഗ്രാമുകൾക്കൊപ്പം സീറോമലബാർസഭയുടെ മിഷണറി തീക്ഷ്ണത വ്യക്തമാക്കുന്ന സെഷനുകളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 31ന് അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് യുവജനസമൂഹം ഒന്നുചേർന്ന് ലിസ്ബണിലെ ലോക യുവജന സംഗമവേദിയിലേക്ക് യാത്രയാകും.

2018 മുതൽ ആരംഭിച്ച പരിശ്രമങ്ങളുടെയും പ്രാർത്ഥനയുടെയും ഫലമായി കഴിഞ്ഞ വർഷം വത്തിക്കാനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവജന നേതൃസംഗമത്തിന്റെ അടുത്ത ചുവടായാണ് സംഘാടകർ ഈ ഫെസ്റ്റിവെലിനെ വിശേഷിപ്പിക്കുന്നത്. പോർച്ചുഗലിൽ സേവനം ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ, ഫാ. ബിനോജ് മുളവരിക്കൽ (യൂറോപ്പ്), ഫാ. പോൾ ചാലിശേരി (ചിക്കാഗോ), ഫാ. മെൽവിൻ പോൾ (ചിക്കാഗോ), ഫാ. ജോജോ (കാനഡ), ഫാ. ഫാൻസ്വാ പതിൽ (ഗ്രേറ്റ് ബ്രിട്ടൺ), സോജിൻ സെബാസ്റ്റ്യൻ (യൂത്ത് ഡയറക്ടർ, മെൽബൺ) എന്നിവരാണ് ഫെസ്റ്റിവെലിന് നേതൃത്വം വഹിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26