ലോക യുവജന സംഗമം: മെല്‍ബണ്‍ അതിരൂപതയില്‍ നിന്നുള്ള യുവജനങ്ങൾ വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദര്‍ശിച്ചു

ലോക യുവജന സംഗമം: മെല്‍ബണ്‍ അതിരൂപതയില്‍ നിന്നുള്ള യുവജനങ്ങൾ വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: ലോക യുവജനദിനത്തില്‍ പങ്കെടുക്കാന്‍ ലിസ്ബണിലേക്കുള്ള യാത്രാമധ്യേ മെല്‍ബണ്‍ അതിരൂപതയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. റോമില്‍ പ്രത്യേകമായി അനുവദിച്ച സ്വകാര്യ സദസിലായിരുന്നു മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച്ച. മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലിയുടെ നേതൃത്വത്തിലാണ് ഓസ്ട്രേലിയന്‍ നിന്നുള്ള യുവജനങ്ങള്‍ വത്തിക്കാനിലെത്തിയത്.

തീര്‍ഥാടകരെ സ്വീകരിച്ച മാര്‍പ്പാപ്പ അവരുടെ വിശ്വാസ യാത്രയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസം, സുവിശേഷവല്‍ക്കരണം, പരിസ്ഥിതി, ഭൂമിയോടുള്ള പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ യുവജനങ്ങളുടെ സംശയങ്ങള്‍ക്ക് പാപ്പ ഉത്തരം നല്‍കി.


'ഇവിടെ വിശ്വാസ ധീരരായ യുവജനങ്ങളെ കണ്ടുമുട്ടാനും സ്വാഗതം ചെയ്യാനും കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്' - ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, പാപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു; 'എനിക്ക് നല്‍കാന്‍ കഴിയുന്ന സന്ദേശം കര്‍ത്താവ് എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ട് എന്നതാണ്. ഏറ്റവും പ്രയാസകരമായ നിമിഷങ്ങളില്‍ പോലും അവിടുന്ന് എപ്പോഴും നമുക്കൊപ്പമുണ്ട്. നമ്മോടൊപ്പം ആയിരിക്കുന്നതില്‍ അവിടുന്ന് ഒരിക്കലും മടുക്കുന്നില്ല.

യുവജനങ്ങളോട് സംസാരിക്കാന്‍ സമയം കണ്ടെത്തിയതിന് മാര്‍പ്പാപ്പയോട് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി  അഗാധമായ നന്ദി രേഖപ്പെടുത്തി.

'പരിശുദ്ധ പിതാവ് നമ്മുടെ യുവ നേതാക്കളുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും അവരുടെ വിശ്വാസ യാത്രയില്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അമൂല്യമായ സമ്മാനമാണ്. പരിശുദ്ധ പിതാവിന്റെ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകള്‍ കേട്ട് മെല്‍ബണില്‍നിന്നുള്ള തീര്‍ഥാടകര്‍ വികാരഭരിതരായി സന്തോഷം പങ്കുവച്ചു - ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

നമ്മുടെ വിശ്വാസവും പാരമ്പര്യവും നമുക്ക് മുമ്പേ പോയവരുടെ ജീവിതത്താല്‍ സമ്പന്നമാക്കിയിട്ടുണ്ട്, ലോക യുവജന ദിന പരിപാടി യുവാക്കളെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും, നാമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാങ്ക്സ്റ്റണിലെ ജോണ്‍ പോള്‍ കോളജിലെ സംഗീത-മത വിദ്യാഭ്യാസ അധ്യാപകനായ ആരോണ്‍ ചാള്‍സും സദസിനിടെ സംസാരിച്ചു. 'അത് അവിശ്വസനീയമാംവിധം അപ്രതീക്ഷിതമായിരുന്നു'. ഞങ്ങളുടെ സമൂഹങ്ങളെ സേവിക്കാന്‍ എന്ത് ഉപദേശമാണ് അങ്ങേയ്ക്കു നല്‍കാനുള്ളതെന്നായിരുന്നു ആരോണ്‍ ചാള്‍സിന്റെ ചോദ്യം. 'ഒരു ആശയം പകര്‍ന്നുനല്‍കുന്നതിലല്ല കാര്യം, മറിച്ച് ഒരു അടുപ്പം സൃഷ്ടിക്കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥികളെ നയിക്കുന്നതിനൊപ്പം തെറ്റുകള്‍ വരുത്താനും സ്വയം തിരുത്താനും വളരാനും അവരെ അനുവദിക്കണം - പാപ്പ മറുപടി പറഞ്ഞു.

മെല്‍ബണ്‍ അതിരൂപതയില്‍ നിന്ന് അറുന്നൂറോളം തീര്‍ഥാടകരാണ് ലിസ്ബണിലേക്കു പോകുന്നത്. ഇറ്റലി, വിശുദ്ധ ഭൂമി, ഫാത്തിമ, ലൂര്‍ദ് വഴിയാണ് യാത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.