സിംഗപ്പൂര്‍ സിറ്റി: ലോകത്ത് മയക്കുമരുന്ന് വിരുദ്ധ നിയമം ഏറ്റവും ശക്തമായ സിംഗപ്പൂരില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നു. മയക്കുമരുന്ന് കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സരിദേവി ജമാണിയെന്ന നാല്പത്തിയഞ്ചുകാരിയുടെ വധശിക്ഷയാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന് കേസില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണ് ഇത്. വെള്ളിയാഴ്ചയാണ് ശിക്ഷ നടപ്പാക്കുക.
30 ഗ്രാം ഹെറോയിന്‍ കടത്തിയെന്നതാണ് സരിദേവിക്കെതിരായ കേസ്. 2018 ലാണ് കുറ്റകൃത്യം നടക്കുന്നത്. ചോദ്യംചെയ്യലില്‍ സരിദേവി കുറ്റമേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം തന്റെ ഫ്‌ളാറ്റില്‍ നിന്ന് ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നിവ കണ്ടെടുത്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
രണ്ടുദിവസം മുന്‍പാണ് മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അസീസ് ബിന്‍ ഹുസൈന്‍ എന്നയാളുടെ വധശിക്ഷ സിംഗപ്പൂരില്‍ നടപ്പാക്കിയത്. 50 ഗ്രാം മയക്കുമരുന്ന് കടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചത്.
2004-ലാണ് അവസാനമായി സിംഗപ്പൂരില്‍ ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത്. അന്നും മയക്കുമരുന്ന് കേസില്‍ തന്നെയായിരുന്നു നടപടി. സിംഗപ്പൂരിലെ നിയമപ്രകാരം, 15 ഗ്രാമില്‍ കൂടുതല്‍ ഹെറോയിനോ 500 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവോ കൈവശം വയ്ക്കുന്നത് വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. കഞ്ചാവ് കടത്തല്‍ ഫോണിലൂടെ ഏകോപിപ്പിച്ചു എന്ന കുറ്റത്തിന് തങ്കരാജു സുപ്പയ്യ എന്നയാളെ കഴിഞ്ഞ ഏപ്രിലില്‍ വധിച്ചിരുന്നു.
ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അടക്കം സരിദേവിയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും വധശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും ആഗോളതലത്തില്‍ തന്നെ സിംഗപ്പൂരിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നത് മൂലം മയക്കുമരുന്നുകളുടെ ഉപയോഗത്തിലും ലഭ്യതയിലും എന്തെങ്കിലും മാറ്റം ഉണ്ടാകുന്നില്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.