മിസിസാഗ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാളിന് തുടക്കം

മിസിസാഗ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാളിന് തുടക്കം

വിന്‍സെന്റ് പാപ്പച്ചന്‍, സിസ്റ്റര്‍ ക്രിസ്റ്റി സി.എം.സി

മിസിസാഗ (കാനഡ): ഭാരത സഭയുടെ അഭിമാനവും അലങ്കാരവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് മിസിസാഗ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ തുടക്കം. തിരുനാളിന് മിസിസാഗ രൂപത അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ കൊടിയേറ്റിയതോടെ പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കു തുടക്കമായി. നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട പൂര്‍വികരെ അനുസ്മരിച്ച് തിരുബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

ഓരോ ദിനത്തിനും പ്രത്യേക നിയോഗങ്ങളോടെ കുടുംബ കൂട്ടായ്മകളുടെ പങ്കാളിത്തം ക്രമപ്പെടുത്തിയതും ശുശ്രൂഷ ചെയുന്ന വൈദികര്‍ക്ക് ഭാഗഭാഗിത്വം നല്‍കിയതും ശ്രദ്ധേയമായി.


മിസിസാഗ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാളിന് മിസിസാഗ രൂപത അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ കൊടിയേറ്റുന്നു

രണ്ടാം ദിനം കുട്ടികളുടെ ദിനമായിരുന്നു. കൃതജ്ഞതാ ബലി അര്‍പ്പിച്ച മാര്‍ ജോസ് കല്ലുവേലില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സന്ദേശം നല്‍കി. ഇടവക അംഗങ്ങളുടെ വാഹനങ്ങള്‍ വെഞ്ചിരിച്ച് പ്രാര്‍ത്ഥിച്ചു.

മൂന്നാം ദിനത്തില്‍ മുത്തശ്ശി മുത്തച്ഛന്മാരുരെയും മുതിര്‍ന്നവരെയും ആദരിച്ചു. തുടര്‍ന്നുള്ള ദിനങ്ങളില്‍ പ്രവാസികള്‍, രോഗികള്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, വൈദികര്‍, സമര്‍പ്പിതര്‍, കുടുംബങ്ങള്‍ എന്നിവര്‍ പ്രാര്‍ത്ഥനയുടെ വിഷയമാകും.

പ്രധാന തിരുന്നാള്‍ ദിനങ്ങളായ ജൂലൈ 28, 29, 30 തീയതികളില്‍ യഥാക്രമം ദിവ്യകാരുണ്യ പ്രദക്ഷിണം, കലാവിരുന്ന്, സ്‌നേഹവിരുന്ന് ഇവ നടത്തപ്പെടും. ഞായര്‍ രാവിലെ 10.30 നു തിരുന്നാള്‍ കുര്‍ബാനയ്ക്കു രൂപത വികാരി ജനറല്‍ പത്രോസ് ചമ്പക്കര പ്രധാന കാര്‍മ്മികനായിരിക്കും.

വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍, അസി. വികാരി ഫാ. ജോയല്‍ ജോസഫ്, കൈക്കാരന്‍മാര്‍, പാരിഷ് കൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.