ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല; വിശുദ്ധ നാട്ടിലെ യുവജനങ്ങളെ സന്ദർശിച്ച് ലിസ്ബണില്‍നിന്നുള്ള നിയുക്ത കര്‍ദിനാള്‍

ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല; വിശുദ്ധ നാട്ടിലെ യുവജനങ്ങളെ സന്ദർശിച്ച് ലിസ്ബണില്‍നിന്നുള്ള നിയുക്ത കര്‍ദിനാള്‍

ജോസ്‌വിൻ കാട്ടൂർ

ബേത്‌ലെഹെം: ഓഗസ്റ്റ് ആദ്യ വാരം പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും ലിസ്ബണ്‍ അതിരൂപതയുടെ സഹായ മെത്രാനുമായ നിയുക്ത കര്‍ദിനാള്‍ ബിഷപ് അമേരിക്കോ മാനുവേല്‍ അഗ്വിയാര്‍ വിശുദ്ധ നാട്ടിലെ യുവജനങ്ങളെ സന്ദര്‍ശിച്ചു. ലോക യുവജന ദിനാഘോഷങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും അവരോടുള്ള പരിശുദ്ധ പിതാവിന്റെ അടുപ്പവും വാത്സല്യവും ബിഷപ് അവരെ അറിയിച്ചു. അതോടൊപ്പം വിശുദ്ധ നാട്ടിലെ യുവജനങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും അനുകരണീയമായ ഒരു മാതൃകയായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

'ലിസ്ബണിലേക്ക് യാത്ര ചെയ്യാന്‍ പ്രയാസം നേരിടുന്ന യുവജനങ്ങളെ, പ്രത്യേകിച്ച് ഉക്രെയ്‌നിലേയും വിശുദ്ധ നാട്ടിലെയും യുവജനങ്ങളെ മറക്കരുത്' - ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉപദേശത്തെ മാനിച്ചുകൊണ്ടാണ് താന്‍ ഇവിടെ എത്തിച്ചേര്‍ന്നതെന്ന് ബിഷപ് അമേരിക്കോ വ്യക്തമാക്കി. ലിസ്ബണ്‍ യുവജന സമ്മേളനത്തിനായുളള മുന്നൊരുക്കങ്ങളുടെ നാളുകളില്‍, അതില്‍ പങ്കാളികളാകാന്‍ വേണ്ടി വിശുദ്ധ നാട്ടില്‍ നിന്നും എത്തിയ ഏതാനും യുവതീര്‍ത്ഥാടകര്‍ക്ക്, സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് അവരെ സന്ദര്‍ശിച്ചുകൊള്ളാമെന്ന് വാക്കു കൊടുത്തിരുന്നതായും ബിഷപ് അനുസ്മരിച്ചു. ഈ മാസം ആദ്യം ഉക്രെയ്‌നിലെ യുവജനങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

മറ്റൊരു നിയുക്ത കര്‍ദിനാളും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസുമായ പിയര്‍ബത്തീസ്താ പിറ്റ്‌സബെല്ലയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബേത്ലെഹെമില്‍ വച്ച്, പ്രദേശത്തെ യുവജനങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍, ബിഷപ്പ് അമേരിക്കോ സഹകാര്‍മ്മികനായി. ചുറ്റുമുള്ള അനീതികള്‍ക്കു നടുവിലും നന്മ ചെയ്യുന്നതില്‍ വ്യാപൃതരായിരിക്കാന്‍ ദിവ്യബലി മധ്യേ പാത്രിയാര്‍ക്കീസ് അവരോട് ആഹ്വാനം ചെയ്തു.

ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായുള്ള ആയിരക്കണക്കിന് ജപമാലകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഏതാനും കരകൗശല നിര്‍മ്മാണശാലകളും ബിഷപ് അമേരിക്കോ അഗ്വിയാര്‍ അവിടെ സന്ദര്‍ശിച്ചു. കാരിത്താസ് ജറുസലേമിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ പദ്ധതിയിലൂടെ, ബേത്ലെഹെമിലെ നിരവധി കുടുംബങ്ങള്‍ക്കാണ് തൊഴിലും ജീവനോപാധിയും ലഭിച്ചിരിക്കുന്നത്.

സഭയുടെ ദൗത്യം നിറവേറ്റുന്നതിലും ഭാവി കരുപ്പിടിപ്പിക്കുന്നതിലും കത്തോലിക്കാ യുവജനങ്ങള്‍ക്കുള്ള നിര്‍ണായകമായ പങ്കിനെക്കുറിച്ച് നിയുക്ത കര്‍ദിനാള്‍ അമേരിക്കോ അഗ്വിയാര്‍ എടുത്തുപറഞ്ഞു. പരിശുദ്ധ പിതാവ് ഊന്നിപ്പറയാറുള്ളതുപോലെ, ക്രിസ്തുവിനെ കണ്ടുമുട്ടാനും അവനുമായി വ്യക്തിപരമായ സംഭാഷണത്തിലേര്‍പ്പെടാനും ലോക യുവജന ദിനാഘോഷം എല്ലാ യുവതീയുവാക്കന്മാരെയും പ്രാപ്തരാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26