ഭീമന്‍ കപ്പല്‍ ബർലിന്‍ എക്സ് പ്രസിന് ജബല്‍ അലി തുറമുഖത്ത് സ്വീകരണം

ഭീമന്‍ കപ്പല്‍ ബർലിന്‍ എക്സ് പ്രസിന് ജബല്‍ അലി തുറമുഖത്ത് സ്വീകരണം

ദുബായ്: ലോകത്തെ വലിയ കണ്ടെയ്നർ കപ്പലുകളില്‍ ഒന്നായ ഹപാഗ് ലോയ്ഡ് ബർലിന്‍ എക്സ് പ്രസ് ജബല്‍ അലി തുറമുഖത്തെത്തി. കപ്പലിന്‍റെ ആദ്യയാത്രയുടെ ഭാഗമായാണ് തുറമുഖത്തെത്തിയത്. ജബല്‍ അലി തുറമുഖത്തെ സംബന്ധിച്ചിടത്തോളം കപ്പലിന്‍റെ വരവ് നാഴികകല്ലാണെന്ന് തുറമുഖ അധികൃതർ പറഞ്ഞു. കപ്പലിന് തുറമുഖത്ത് സ്വീകരണവും ഒരുക്കിയിരുന്നു. പരമ്പരാഗത സമുദ്രഗതാഗത ഇന്ധനത്തിലും ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിലും പ്രവർത്തിക്കുന്നതാണ് കപ്പല്‍. 23,600 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക കപ്പലാണിത്.

സാധാരണ വലിയ കപ്പലുകള്‍ക്ക് 18,000 കണ്ടെയ്നറുകള്‍ വഹിക്കാനുളള ശേഷിയാണ് ഉണ്ടാകാറുളളത്. ദ്രവീകൃത പ്രകൃതിവാതകത്തില്‍ (എല്‍ എന്‍ ജി) സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പല്‍ ഷിപ്പിംഗ് ലൈൻ ഓർഡർ ചെയ്ത 12 ഇരട്ട-ഇന്ധന കപ്പലുകളിൽ ആദ്യത്തേതാണ്. പരമ്പരാഗത സമുദ്ര ഇന്ധനത്തേക്കാൾ കുറഞ്ഞ കാർബൺ പുറന്തള്ളൽ നിരക്കുള്ള എൽഎൻജിയിൽ പ്രവ‍ർത്തിക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദകപ്പലാണ് ബെർലിന്‍ എക്സ്പ്രസ്.

ജബല്‍ അലി തുറമുഖത്തിന് നിലവില്‍ 180 കപ്പല്‍ പാതകളുമായാണ് ബന്ധമുളളത്. ലോകത്താകമാനം 350 കോടി ഉപഭോക്താക്കളിലേക്ക് ചരക്കെത്തിക്കാന്‍ ജബല്‍ അലി തുറമുഖം വഴി കപ്പലുകളോടുന്നു. കാർഗോ കപ്പലുകള്‍ക്ക് സഞ്ചാരം അനായാസമാക്കുന്ന രീതിയിലുളള പ്രവർത്തനങ്ങളാണ് തുറമുഖം നടത്തുന്നതെന്നും
ആഗോള തലത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഡിപി വേൾഡ് ഒരുക്കുന്നതെന്നും സിഒഒ ജൂസ്റ്റ് ക്രൂജിംഗ് പറഞ്ഞു. ചൈന, ഹോങ്കോങ്ങ്, തായ് വാൻ, സിംഗപ്പൂർ, സ്പെയിൻ, ബെൽജിയം,നെതർലൻഡ്‌സ്, യു.കെ, ജർമനി എന്നിവിടങ്ങളിലൂടെയാണ് ബെർലിന്‍ എക്സ് പ്രസിന്‍റെ സഞ്ചാരപാത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.