ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രോഗികളുടെ മെഡിക്കല്‍ റെക്കോഡുകള്‍ തയാറാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന

ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രോഗികളുടെ മെഡിക്കല്‍ റെക്കോഡുകള്‍ തയാറാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന

പെര്‍ത്തില്‍ അഞ്ച് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ചാറ്റ് ജിടിപി ഉപയോഗിക്കരുതെന്ന് നിര്‍ദേശം

കാന്‍ബറ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) ഉപയോഗം വിവിധ മേഖലകളില്‍ വ്യാപകമാകുന്നതിനിടെ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എ.എം.എ). ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡോക്ടര്‍മാര്‍ രോഗികളുടെ മെഡിക്കല്‍ റെക്കോഡുകള്‍ തയാറാക്കുന്ന രീതിയാണ് മെഡിക്കല്‍ അസോസിയേഷന്‍ തന്നെ ചോദ്യം ചെയ്യുന്നത്. ചാറ്റ് ജിടിപി ഉപയോഗിച്ച് ചികിത്സ നിര്‍ണയിക്കുന്നതിന്റെയും മെഡിക്കല്‍ റെക്കോഡുകള്‍ തയാറാക്കുന്നതിന്റെയും ഗുരുതര ഭവിഷ്യത്തുകളാണ് ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ടുവയ്ക്കുന്നത്.

ചാറ്റ്ജിപിടി ഉപയോഗിച്ച് രോഗികളുടെ മെഡിക്കല്‍ കുറിപ്പുകള്‍ എഴുതരുതെന്ന് പെര്‍ത്ത് സൗത്ത് മെട്രോപൊളിറ്റന്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള അഞ്ച് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മേഖലയില്‍ എ.ഐ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് വ്യക്തമായ നിയമവും സുതാര്യതയും ആവശ്യമാണെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചത്.

സുരക്ഷിതമായ ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗം സംബന്ധിച്ച് ഡോക്ടര്‍മാരുടെ സംഘടന ഓസ്‌ട്രേലിയ ഫെഡറല്‍ ഗവണ്‍മെന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഭാവിയിലെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ മേഖലയുടെ വിശ്വാസം നിലനിര്‍ത്താനും രോഗികളുടെ സുരക്ഷയ്ക്കും ആരോഗ പ്രവര്‍ത്തകരുടെ മികവിനും എ.ഐ ഉപയോഗത്തില്‍ കൃത്യമായ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം. ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രോഗികളുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യാത്മത നഷ്ടപ്പെടുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

ആരോഗ്യ മേഖലയില്‍ ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം ഡോക്ടറുടേതായിരിക്കണമെന്നാണ് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം. എ.ഐ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിലുള്ള ചികിത്സയോ രോഗ നിര്‍ണയമോ നടത്തിയാന്‍ അക്കാര്യം രോഗികളെ അറിയിക്കണമെന്നും സംഘടന നിഷ്‌കര്‍ഷിക്കുന്നു.

രോഗികളുടെ മെഡിക്കല്‍ റെക്കോഡുകളുടെ രഹസ്യാത്മത സുരക്ഷിതമാക്കണമെന്നാണ് ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്റെ മറ്റൊരു ആവശ്യം. ആരോഗ്യ മേഖലയില്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുന്നതില്‍ വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

ചാറ്റ് ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിനു സമാനമായി ഓസ്‌ട്രേലിയയിലും നിയമം കൊണ്ടുവരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ ആവശ്യം. ഇതുവഴി എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗ നിര്‍ണയം നടത്തുന്നതിനെയും ചികിത്സ നിശ്ചിക്കുന്നതിന്റെയും ഭവിഷ്യത്തുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് എ.എം.എ പ്രസിഡന്റ് പ്രൊഫ. സ്റ്റീവ് റോബ്സണ്‍ പറഞ്ഞു.

സുപ്രധാന തീരുമാനങ്ങള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനു വിടാതെ ഡോക്ടര്‍മാര്‍ നേരിട്ടു കൈക്കൊള്ളണം. ഏതു ചികിത്സയിലും അന്തിമ തീരുമാനം വിദഗ്ധനായ ഡോക്ടറുടേതാവണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മറ്റേതൊരു രംഗത്തും എന്ന പോലെ ആരോഗ്യ രംഗത്തും സജീവമാണെന്നും ഇക്കാര്യത്തില്‍ സൂക്ഷമ്ത പുലത്തണമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.