ആംസ്റ്റര്‍ഡാം: ഓണ്‍ലൈന്‍ ലോകത്ത് കുട്ടികളെ കാത്തിരിക്കുന്ന വലിയ അപകടങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണം നെതര്‍ലന്‍ഡ്‌സില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ ഫോണ്‍ എടുത്ത് കുട്ടികള്‍ ഓണ്‍ലൈനില്‍ വിലയേറിയ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന വാര്‍ത്തകള്‍ നിത്യേന കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവിടെ കേവലം എട്ടു വയസു മാത്രമുള്ള മകന്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിപ്പെട്ട ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ് സ്വദേശിനിയായ ബാര്‍ബറ ജെമെന്‍ എന്ന അമ്മ.
താനറിയാതെ ഡാര്‍ക്ക് വെബ്ബില്‍ നിന്ന് എകെ-47 തോക്ക് ഉള്‍പ്പടെ അപകടകരമായ വസ്തുക്കള്‍ മകന്‍ രഹസ്യമായി വാങ്ങിയതായി ബാര്‍ബറ പറയുന്നു. യൂറോന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബാര്‍ബെറ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മകന്‍ കംപ്യൂട്ടറുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതാണ് എല്ലാത്തിനും തുടക്കം. വളരെ ചെറുപ്രായത്തില്‍ തന്നെ ഹാക്കിങ് അടക്കം മകന്‍ വശമാക്കി. ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും ഇവയ്ക്ക് പണം നല്‍കാതിരിക്കുന്നതും പതിവാണ്. ആദ്യമായി ഒരു പിസയാണ് ഇത്തരത്തില്‍ മകന്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയതെന്ന് ബാര്‍ബറ പറയുന്നു. ക്രമേണ കാര്യം വഷളായി. അപകടകാരികളായ ആളുകളുമായി അവന്‍ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ സംവദിക്കാന്‍ തുടങ്ങി. അമ്മ വരുന്ന വിവരം രഹസ്യ ഭാഷയില്‍ അവരെ അറിയിക്കും. ഒടുവില്‍ തോക്ക് ഓര്‍ഡര്‍ ചെയ്യുന്നതില്‍ വരെ കാര്യങ്ങളെത്തി.
എകെ 47 വീട്ടിലെത്തിയപ്പോഴാണ് മകന്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങളുടെ തീവ്രത തിരിച്ചറിഞ്ഞത്. പോളണ്ടില്‍ നിന്നും ബുള്‍ഗേറിയ വഴിയാണ് ഓര്‍ഡര്‍ എത്തിയത്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇതെന്ന് മനസ്സിലായി. തോക്ക് കയ്യില്‍ കിട്ടിയപാടെ ഇത് ലോക്കല്‍ പൊലീസില്‍ ഏല്‍പ്പിച്ചു. മകനെതിരെ നിലവില്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നും ബാര്‍ബറ വ്യക്തമാക്കി.
ഈ സംഭവത്തിനു ശേഷം മകനില്‍ ഒരുപാട് മാറ്റങ്ങള്‍ പ്രകടമായി. മാനസികമായി അവന്‍ തളര്‍ന്നതായി കാണപ്പെട്ടു. രാത്രി മുഴുവന്‍ ഡാര്‍ക്ക്‌നെറ്റില്‍ അപരിചിതരായ ഹാക്കര്‍മാരുമായി സംസാരിച്ചിരുന്നു. തന്റെ ആശങ്കകള്‍ അധികൃതരെ അറിയിച്ചുവെങ്കിലും അവര്‍ നിരുത്സാഹപ്പെടുത്തിയെന്ന് ബാര്‍ബറ പറയുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം പരിശീലനം നടത്താന്‍ ബാര്‍ബറ തീരുമാനിക്കുകയായിരുന്നു. ഡച്ച് പൊലീസിന്റെ സൈബര്‍ സ്‌പെഷ്യല്‍ വിഭാഗത്തില്‍ വോളന്റിയറായി ചേര്‍ന്നെന്നും ബാര്‍ബറ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും എളുപ്പം ലഭ്യമാകുന്നത് കുട്ടികളെ ഹാക്കിങ് പോലുള്ളവയിലേക്ക് എളുപ്പം എത്തിക്കുമെന്ന് ബാര്‍ബറ പറയുന്നു. കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയണം. എന്താണ് നിയവിരുദ്ധം നിയമപരം എന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. മക്കളുടെ മേലുള്ള മാതാപിതാക്കളുടെ ശ്രദ്ധ കൂട്ടേണ്ടതും അനുവാര്യമായിരിക്കുന്നുവെന്ന് ബാര്‍ബറ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.