ക്രൈസ്തവർ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകണം: അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചേരണം

ക്രൈസ്തവർ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകണം: അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചേരണം

കൊച്ചി: ക്രൈസ്തവസഭയില്‍ അനേകം സാമുദായിക സംഘടനകള്‍ ഉണ്ടായിരുന്നിട്ടും, കേഡര്‍ പാര്‍ട്ടികളെ വെല്ലുന്ന കെട്ടുറപ്പ് കൈമുതലായി ഉണ്ടായിരുന്നിട്ടും അവയിലൊന്നുപോലും രാഷ്ട്രീയമുതലെടുപ്പിന് രംഗത്തിറങ്ങിയിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്.എന്നാൽ ഇന്ന് സഭയും സമുദായ സംഘടനകളും ചെറുപ്പക്കാരെ നേതൃരംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടത് ഇക്കാലഘട്ടത്തിന്റെ അടിയന്തരമായ ആവശ്യമാണ്.ക്രൈസ്തവര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഉള്‍പ്പെടണം. മാനുഷികാവകാശങ്ങളുടെ മൂല്യങ്ങള്‍ക്കും മനുഷ്യജീവന്‍റെ വിശുദ്ധിയ്ക്കുംവേണ്ടി നിലകൊള്ളാനും അവയെ രാഷ്ട്രീയ തീരുമാനങ്ങളാക്കാനും വേണ്ടിയാണത്.

ഇന്നു നമ്മുടെ രാജ്യത്ത് ക്രൈസ്തവര്‍ അനുഭവിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനും ആക്രമണങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും അറുതി വരണമെങ്കില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ക്രിസ്തീയ കാഴ്ചപ്പാടുള്ള നേതാക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുക എന്നുള്ളതാണ്.

ക്രൈസ്തവനാവുക എന്നാല്‍ പൂര്‍ണ്ണ പൗരനായിരുന്നു കൊണ്ട് തങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കത്തോലിക്കാ സഭ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ നാന്ദിയായ റേരും നോവാരും എന്ന ചാക്രിക ലേഖനത്തില്‍ തുടങ്ങി, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിവിധ പ്രമാണ രേഖകളിലൂടെ വിശ്വാസികള്‍ക്ക് രാഷ്ട്രീയത്തില്‍ ഉണ്ടാകേണ്ട ഇടപെടലുകളെ കുറിച്ച് സഭ വ്യക്തമായ ദര്‍ശനം നല്‍കുന്നുണ്ട്.

ഈ അടുത്ത കാലത്ത് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ''രാഷ്ട്രീയം, അതെത്ര മലിനമാണെങ്കില്‍ കൂടിയും, ക്രൈസ്തവര്‍ അതില്‍നിന്ന് പിന്മാറരുത് എന്നാണ്.''ഫ്രത്തെലി തൂത്തി' എന്ന ചാക്രിക ലേഖനത്തില്‍ നല്ല രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കാന്‍ ഒരു അദ്ധ്യായം തന്നെ (5) ഫ്രാന്‍സിസ് പാപ്പ മാറ്റി വെച്ചിട്ടുണ്ട്. 'പ്രതിസന്ധിയുടെ വ്യത്യസ്ത വശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദീര്‍ഘവീക്ഷണമുള്ളതും പുതിയതും അവിഭാജ്യവും' ആയ 'ആരോഗ്യകരമായ രാഷ്ട്രീയം' ആണ് നമുക്ക് വേണ്ടത് (177) എന്ന് പാപ്പ ആവശ്യപ്പെടുന്നു.

പൊതു ഭരണരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുന്ന ക്രൈസ്തവ നേതാക്കള്‍ രാഷ്ട്രീയ രംഗത്ത് കടന്നുവന്നുവെങ്കില്‍ മാത്രമേ നാട് പുരോഗതിയിലേക്ക് കുതിക്കൂ. അറിവും കാര്യപ്രാപ്തിയും ലോകപരിചയവുമുള്ള നേതാക്കള്‍ അധികാരത്തിലേക്ക് കടന്നുവരണം. ഇതിനായി ക്രൈസ്തവ യുവാക്കളുടെ രാഷ്ട്രീയ പ്രാതിനിധ്യവും ഇടപെടലുകളും പ്രോത്സാഹിപ്പിക്കപ്പെടണം.

രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ് എന്ന വസ്തുത ക്രൈസ്തവ നമ്മുടെ ചെറുപ്പക്കാരില്‍ എത്തിക്കണം.നിര്‍ണ്ണായക ശക്തിയാകുന്ന വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ നമ്മുടെ ക്രൈസ്തവ സമുദായത്തില്‍ നിന്നുംഎല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിനിധികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.രാഷ്ട്രീയ പങ്കാളിത്തം ക്രൈസ്തവ ദൗത്യമാണെന്ന് എല്ലാവരും തിരിച്ചറിയണം.തെരഞ്ഞെടുപ്പുവേളകളിലെ ക്രൈസ്തവ നിലപാടുകള്‍ ഇതിനുള്ള ഉറച്ച തീരുമാനത്തിന്റെ അവസരങ്ങളാകണം.ഭൂരിപക്ഷമോ, ന്യൂനപക്ഷമോ എന്നതല്ല, ശരിയായത് എന്താണോ അതിനെ പിന്തുണയ്ക്കാന്‍ കഴിയുന്നെങ്കില്‍ ഒരു ക്രൈസ്തവന്‍ രാഷ്ട്രീയത്തില്‍ ലോകത്തിനു നന്മ ഉളവാക്കും. അങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തിലുണ്ടാകുന്നതിന് അവര്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യാസമുണ്ടെങ്കിലും ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവിലുള്ള വിശ്വാസം ഒന്നുമാത്രമാണ്. ഇന്നത്തെ മാറിയ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടില്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചറിഞ്ഞ് ക്രൈസ്തവ സമുദായം എന്ന വിശാലമായകാഴ്ചപ്പാടില്‍ ഒരുമിച്ചുനിന്ന് പ്രായോഗിക രാഷ്ട്രീയത്തിന്റെയും നിലനില്‍പ്പിന്റെയും നിലപാടുകള്‍ സ്വീകരിക്കാന്‍ സഭാനേതൃത്വങ്ങള്‍ക്കാകണം.രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടുകൊണ്ട് സമൂഹത്തിനു സേവനം ചെയ്യുകയെന്നത് ഏതു ക്രൈസ്തവനും ഒരു ബഹുമതിയാണ്. രാഷ്ട്രീയം എപ്പോഴും “സാധ്യമായതിനെ” സംബന്ധിച്ചുള്ളതാണ്.  

കാലങ്ങളായി ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും അടിമത്തത്തിലാണ് ക്രൈസ്തവ സമൂഹങ്ങള്‍. രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുന്ന ഉപകരണങ്ങള്‍ മാത്രമായി ക്രൈസ്തവർ ഇനിയും അധഃപതിക്കരുത്.ഓരോ ക്രൈസ്തവനും തിന്മയ്‌ക്കെതിരെ പോരാടണം. നുണകള്‍ക്കെതിരെ ശബ്ദിക്കണം. രാഷ്ട്രീയം ഈ ലോകത്തിന്റെ ഭാഗമാണ്. ഈശോ നമ്മോട് പറഞ്ഞത് "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷംപ്രസംഗിക്കണമെന്നാണ്". എവിടെയെല്ലാം നാം പ്രവര്‍ത്തിക്കുന്നുവോ അവിടെയെല്ലാം നാം ക്രൈസ്തവ സഭയുടെ പ്രബോധനമനുസരിച്ച് പ്രവര്‍ത്തിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.