ബംഗളൂരു: ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് അഞ്ചംഗ സംഘം പിടിയിലായതിന് പിന്നാലെ തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി). തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി.
2008ലെ ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു നസീര്‍. പിടിയിലായ അഞ്ച് പേരും 2017 ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്.
തുടര്‍ന്ന് തടിയന്റവിട നസീറാണ് ഇവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി. ബംഗളൂരു നഗരത്തില്‍ ഭീകരാക്രമണം നടത്തുന്നതിനായി ഇവര്‍ ഒരുക്കിയ പദ്ധതി നസീറിന്റെ അറിവോടെയാണോ എന്നും സി.സി.ബി പരിശോധിക്കുന്നുണ്ട്.
കൊലക്കേസില്‍ ജയിലിലായിരുന്ന പ്രതികള്‍ 2019 ലാണ് പുറത്തിറങ്ങുന്നത്. നിലവില്‍ വിദേശത്താണെന്ന് കരുതുന്ന ആളാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിച്ചുനല്‍കിയതും ഇയാളാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബംഗളൂരു നഗരത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സയ്യിദ് സുഹൈല്‍ ഖാന്‍(24), മുഹമ്മദ് ഒമര്‍(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിര്‍ പാഷ(28), മുഹമ്മദ് ഫൈസല്‍(30) എന്നിവരെ ജൂലൈ 19 നാണ് സി.സി.ബി അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.