ലോക യുവജനദിനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ ഓഗസ്റ്റിലെ പ്രാര്‍ത്ഥനാ നിയോഗം

ലോക യുവജനദിനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ ഓഗസ്റ്റിലെ പ്രാര്‍ത്ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ അടുത്തയാഴ്ച്ച ലോക യുവജന സമ്മേളനം ആരംഭിക്കാനിരിക്കെ, ഓഗസ്റ്റിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ യുവജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഈ കാലഘട്ടത്തില്‍ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നതിനായി ഭയം മാറ്റിവച്ച് സന്തോഷകരമായ ഒരു യാത്ര ആരംഭിക്കാനും യുവജനങ്ങളെ പാപ്പ ക്ഷണിച്ചു.

'പ്രായമാകാതിരിക്കാന്‍ സഭയ്ക്ക് യുവാക്കളെ ആവശ്യമുണ്ട്' എന്ന വി. ജോണ്‍ പോള്‍ പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പ്പാപ്പയുടെ സന്ദേശമടങ്ങിയ വീഡിയോ ആരംഭിക്കുന്നത്. മാര്‍പ്പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കാണ് പ്രാര്‍ത്ഥനാ നിയോഗത്തിന്റെ വീഡിയോ സംപ്രേക്ഷണം ചെയ്തത്.

സുവിശേഷത്തിന് ആഹ്ലാദകരമായ സാക്ഷ്യം വഹിക്കാനുള്ള പാതയിലേക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ പാപ്പ യുവജനങ്ങളെ തന്റെ സന്ദേശത്തിലൂടെ പ്രേരിപ്പിച്ചു. സഭയ്ക്ക് അതിജീവനത്തിന് യുവാക്കളെ ആവശ്യമാണെന്നും പാപ്പ ചൂണ്ടിക്കാട്ടുന്നു.



ഫിലിപ്പീന്‍സ്, ബ്രസീല്‍, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മാര്‍പ്പാപ്പ മറുപടി നല്‍കി.

'സഭ പ്രായമായവര്‍ക്കുള്ള ക്ലബ്ബല്ല; യുവജന ക്ലബ്ബുമല്ല. സഭ പ്രായമായതാണെങ്കില്‍ മരിച്ചുപോകും. വി. ജോണ്‍ പോള്‍ പാപ്പ പറയുന്നതുപോലെ, നിങ്ങള്‍ യുവാക്കളെപ്പോലെ ജീവിക്കുകയാണെങ്കില്‍ നിങ്ങളും യുവാക്കളായി മാറും. പ്രായമാകാതിരിക്കാന്‍ സഭയ്ക്ക് യുവാക്കളെ ആവശ്യമുണ്ട്' - മാര്‍പ്പാപ്പ പറഞ്ഞു. യുവാക്കള്‍ തങ്ങളുടെ ജീവിതംകൊണ്ട് സുവിശേഷം പങ്കുവയ്ക്കുന്നവരാകാനും ആഗോള യുവജനദിനത്തില്‍ എല്ലാ യുവജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കാനും മാര്‍പ്പാപ്പ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.

'മറിയം എഴുന്നേറ്റു തിടുക്കത്തില്‍ പുറപ്പെട്ടു' എന്ന ലോക യുവജന സംഗമത്തിന്റെ പ്രമേയം തെരഞ്ഞടുത്തതിനെക്കുറിച്ചുള്ള സംശയവും പാപ്പ ദൂരീകരിച്ചു.

'മറിയത്തിന്റെ മനോഭാവം അവളുടെ സമപ്രായക്കാര്‍ക്കെല്ലാം മാതൃകയാണ്. താന്‍ ദൈവമാതാവാകാന്‍ പോകുന്നുവെന്ന് അറിഞ്ഞയുടന്‍ അവള്‍ സെല്‍ഫി എടുക്കാനോ മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാനോ അല്ല ശ്രമിച്ചത്. മറിയം ആദ്യം ചെയ്തത് തിടുക്കത്തില്‍ ഒരു യാത്ര പുറപ്പെടുകയായിരുന്നു, സേവനത്തിനും സഹായിക്കാനുമായിരുന്നു അവളുടെ ആ യാത്ര'.

'യുദ്ധങ്ങളുടെ ഈ കാലഘട്ടത്തില്‍ സ്‌നേഹം കേന്ദ്രീകരിക്കപ്പെടുന്ന ഒരു ലോകത്തിനായി മാര്‍പ്പാപ്പ പ്രാര്‍ത്ഥിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് സന്തോഷമില്ലെങ്കില്‍, നാം വിശ്വസനീയരല്ലാതായി മാറും, നമ്മെ ആരും വിശ്വസിക്കില്ല'.

ലിസ്ബണ്‍ 2023 WYD ഫൗണ്ടേഷന്റെയും ഡികാസ്റ്ററി ഫോര്‍ ലെയ്റ്റി, ഫാമിലി ആന്‍ഡ് ലൈഫിന്റെയും സഹകരണത്തോടെയാണ് വീഡിയോ തയാറാക്കിയത്.

ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെയാണ് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ആഗോള യുവജനദിനം കൊണ്ടാടുന്നത്.

മാര്‍പാപ്പയുടെ ഇതുവരെയുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.