അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജൻ ഹിർഷ് വർധൻ സിങ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജൻ ഹിർഷ് വർധൻ സിങ്

വാഷിം​ഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി മൂന്നാമത്തെ ഇന്ത്യൻ വംശജൻ. ഇന്ത്യൻ വംശജനായ ഹിർഷ് വർധൻ സിങ്ങാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സര രംഗത്തേക്ക് എത്തുന്നത്.
റോവന്റ് സയൻസസിന്റെ സ്ഥാപകനും സ്‌ട്രൈവിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനുമായ വിവേക് രാമസ്വാമിക്കും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുൻ സ്ഥാനപതിയുമായിരുന്ന നിക്കി ഹാലിക്കും ശേഷം റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന ഇന്ത്യൻ വംശജനാണ് ഹിർഷ് വർധൻ സിങ്.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിൻഗാമിയെന്നാണ് ഹിർഷ് വർധൻ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. 38 കാരനായ ഹിർഷ് വർധൻ 2017ലും 2021ലും ന്യൂജേഴ്‌സി ഗവർണർ സ്ഥാനത്തേക്കും 2018ൽ അധോസഭയിലേക്കും 2020ൽ സെനറ്റിലേക്കും റിപ്പബ്ലിക്കൻ പ്രൈമറികളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സമർപ്പിച്ചത്.

അമേരിക്കയുടെ കുടുംബമൂല്യങ്ങളും രക്ഷാകർതൃ അവകാശങ്ങളും അപകടത്തിലാണെന്നും അതിനാൽ രാജ്യത്തിന്റെ മൂല്യങ്ങൾ പുനസ്ഥാപിക്കാൻ ശക്തമായ ഒരു നേതൃത്വം ആവശ്യമാണെന്നും ഹർഷ് വർധൻ പറഞ്ഞു. കാലഹരണപ്പെട്ട രാഷ്ട്രീയക്കാരെ മറികടന്ന് മാറ്റങ്ങൾ കൊണ്ടുവരേണ്ട സമയമാണിതെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി 2024 ജൂലൈ 15-18 വരെ വിസ്കോൺസിനിലെ മിൽവാക്കിയിൽ റിപ്പബ്ലിക്കൻമാർ യോഗം ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.