തിരുവനന്തപുരം: ഭര്‍ത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ അറസ്റ്റിലായ അഫ്‌സാന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ജയില്‍ മോചിതയായ ശേഷം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
നൗഷാദിനെ കൊന്നുവെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നൗഷാദിനെ കൊന്നതെന്ന് പൊലീസ് മര്‍ദ്ദിച്ച് സമ്മതിപ്പിച്ചതാണ്. ക്രൂര മര്‍ദ്ദനമാണ് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്നത്. വനിതാ പൊലീസ് ഉള്‍പ്പെടെയുളളവര്‍ മര്‍ദ്ദിച്ചു. പല തവണ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു. വേദന സഹിക്കവയ്യാതെയാണ് കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കും. നൗഷാദ് നാടുവിടാനുള്ള കാരണം എന്തെന്ന് അറിയില്ല. നൗഷാദിന് മാനസിക പ്രശ്‌നമുണ്ടായിരുന്നു. മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അഫ്‌സാന പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പ് കാണാതാവുകയും ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസ് പറയുകയും ചെയ്ത കലഞ്ഞൂര്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ നൗഷാദിനെ (34) കഴിഞ്ഞ ദിവസമാണ് ജീവനോടെ കണ്ടെത്തിയത്. നാട്ടില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും അറിയാതെ തൊമ്മന്‍കുത്തിന്റെ ഉള്‍പ്രദേശമായ കുഴിമറ്റത്ത് ബേബി വര്‍ഗീസിന്റെ പറമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു മൊബൈല്‍ പോലുമില്ലാതിരുന്ന നൗഷാദ്.
തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തൊമ്മന്‍കുത്ത് സ്വദേശി ജയ്‌മോന് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. തൊമ്മന്‍കുത്ത് കവലയില്‍ കട നടത്തുന്ന ജയ്‌മോന്റെ ബന്ധു രാജേഷ് തന്റെ കടയില്‍ എത്തുന്ന ഒരാളിന് നൗഷാദിനോട് സാദൃശ്യമുണ്ടന്ന വിവരമാണ് കൈമാറിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
നൗഷാദിനെ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൂടല്‍ എസ്.ഐ ഷെമിമോള്‍ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് അഫ്‌സാനയെ (25) വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മദ്യപിച്ചെത്തി നൗഷാദ് തന്നെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്നും ശല്യം ഒഴിവാക്കാന്‍ ഒരാളുടെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടിയെന്നുമാണ് അഫ്‌സാന മൊഴി നല്‍കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൃതദേഹം പള്ളിസെമിത്തേരിയില്‍ മറവുചെയ്‌തെന്നും വാടക വീട്ടില്‍ കുഴിച്ചിട്ടെന്നും പുഴയില്‍ ഒഴുക്കിയെന്നുമൊക്കെ മൊഴി മാറ്റിപ്പറഞ്ഞു. അഫ്‌സാനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് വിലയിരുത്തിയെങ്കിലും വീടിനുള്ളിലും പറമ്പിലും പൊലീസ് കുഴിയെടുത്ത് പരിശോധിച്ചു. അതിനിടെ അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. മൃതദേഹം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് നൗഷാദിനെ കണ്ടെത്തിയത്.
നൗഷാദിന്റെ മൊഴിയെടുത്ത് വൈകിട്ട് ഏഴരയോടെ വൈദ്യപരിശോധനയ്ക്കുശേഷം മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. മാതാപിതാക്കള്‍ക്കാെപ്പം വിട്ടയച്ചു. അടൂര്‍ പരുത്തിപ്പാറ പള്ളിക്ക് സമീപം ഭാര്യയുമൊത്ത് വാടകയ്ക്ക് താമസിച്ചുവരവേ 2021 നവംബര്‍ ഒന്നുമുതലാണ് നൗഷാദിനെ കാണാതായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.