കത്താറ ടവറുകള്‍ക്കിടയിലെ സ്ലാക്ക് ലൈനിലൂടെ ജാന്‍ റൂസ് നടന്നുകയറിയത് റെക്കോർഡിലേക്ക്

കത്താറ ടവറുകള്‍ക്കിടയിലെ സ്ലാക്ക് ലൈനിലൂടെ ജാന്‍ റൂസ് നടന്നുകയറിയത് റെക്കോർഡിലേക്ക്

ദോഹ: ഖത്തറിലെ പ്രശസ്തമായ കത്താറ ടവറുകള്‍ക്കിടയിലെ സ്ലാക്ക് ലൈനിലൂടെ റെഡ് ബുള്‍ താരമായ ജാന്‍ റൂസ് നടന്നുകയറിയത് റെക്കോർഡിലേക്ക്. ലോകത്തിലെ ഏറ്റവും നീളമേറിയ എല്‍ ഇ ഡി സ്ലാക്ക് ലൈന്‍ പൂർത്തിയാക്കിയ താരമെന്ന ലോക റെക്കോർഡാണ് ഇതോടെ ജാന്‍ റൂസിന് സ്വന്തമായത്.

രണ്ടരസെന്‍റിമീറ്റർ മാത്രം കനമുളള കയറിലൂടെയായിരുന്നു നടത്തം. ഭൂമിയില്‍ നിന്ന് 185 മീറ്റർ ഉയരത്തില്‍ കത്താറ ടവറുകളെ തമ്മില്‍ ബന്ധിപ്പിച്ച് 150 മീറ്റർ ദൂരത്തിലാണ് സ്ലാക്ക് ലൈന്‍ കെട്ടിയിരുന്നത്. അർദ്ധവൃത്താകൃതിയിലുളള ടവറുകളാണിത്. കയറില്‍ എല്‍ ഇ ‍ഡി ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. കൈകള്‍ ഇരുവശത്തേക്ക് ഉയർത്തി ശരീരം തുലനം ചെയ്തും സ്ലാക്ക് ലൈനില്‍ തല കീഴായി തൂങ്ങിയും ഇരുന്നുമെല്ലാം അതിസാഹസികമായാണ് നടത്തം റൂസ് പൂർത്തിയാക്കിയത്.

യാത്ര എളുപ്പമായിരുന്നില്ലെന്നാണ് റൂസ് സാഹസിക നടത്തിന് ശേഷം പ്രതികരിച്ചത്. എല്‍ ഇ ഡി ലൈറ്റുകളുടെ പ്രകാശവും കാറ്റും ചൂടും വെല്ലുവിളിയായി. എന്നാല്‍ ഓരോ വെല്ലുവിളികളും വിജയകരമായി പൂർത്തിയാക്കുമ്പോള്‍ ഏറെ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഇഡി ലൈറ്റ് സിംഗിള്‍ ബില്‍ഡിംഗ് സ്ലാക്ക് ലൈനില്‍ മൂന്ന് തവണ ലോക റെക്കോർഡ‍് നേടിയിട്ടുണ്ട് ജാന്‍ റൂസ്. ഖത്തർ ടൂറിസത്തിന്‍റെ ഭാഗമായാണ് ജാന്‍ റൂസിന്‍റെ സാഹസിക നടത്തം അരങ്ങേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.