പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവ്; പ്രിയക്ക് അസോസിയേറ്റ് പ്രൊഫസറായി തൽകാലം തുടരാം: സുപ്രിം കോടതി

പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവ്; പ്രിയക്ക് അസോസിയേറ്റ് പ്രൊഫസറായി തൽകാലം തുടരാം: സുപ്രിം കോടതി

ന്യൂഡൽഹി: പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി. പ്രിയ വർഗീസിന്റെ നിയമനത്തിൽ ഇപ്പോൾ ഇടപെടുന്നില്ല. എന്നാൽ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും നിയമനമെന്നും കോടതി പറഞ്ഞിട്ടുണ്ട്. നേരത്തെ പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസിയുടെ ഹർജിയിന്മേലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

യുജിസി നിലപാട് തള്ളിക്കൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതി പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ചത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2018 ചട്ട പ്രകാരമുള്ള അധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്നായിരുന്നു ഹൈക്കോടതിയിൽ യുജിസി വാദിച്ചത്. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളുകയും നിയമനം ശരിവെക്കുകയുമായിരുന്നു.

ഇതേ തുടർന്നായിരുന്നു കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിച്ചത്. ഹെക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുൻപ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വർഗീസ് തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.

2018ലെ യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അധ്യാപന പരിചയം എട്ട് വർഷമാണ്. എയ്ഡഡ് കോളേജിൽ ജോലിക്ക് പ്രവേശിച്ച ശേഷം പ്രിയ വർഗീസ് ഫാക്കൽറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പ്രകാരം മൂന്ന് വർഷം പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡീൻ ആയി ഡപ്യൂട്ടേഷനിൽ ജോലി ചെയ്ത രണ്ട് വർഷവും ചേർത്താണ് അധ്യാപന പരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലയളവും സ്റ്റുഡന്റ് ഡീൻ ആയി ജോലി ചെയ്ത കാലയളവും അധ്യാപന പരിചയത്തിൽ കണക്കാക്കാനാവില്ലെന്നാണ് യുജിസി വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.