മതഗ്രന്ഥങ്ങള്‍ കത്തിക്കുന്ന പ്രതിഷേധങ്ങള്‍ നിരോധിക്കാനുള്ള നിയമനടപടികള്‍ പരിഗണിക്കാനൊരുങ്ങി ഡെന്‍മാര്‍ക്ക്

മതഗ്രന്ഥങ്ങള്‍ കത്തിക്കുന്ന പ്രതിഷേധങ്ങള്‍ നിരോധിക്കാനുള്ള  നിയമനടപടികള്‍ പരിഗണിക്കാനൊരുങ്ങി ഡെന്‍മാര്‍ക്ക്

കോപ്പന്‍ഹേഗന്‍: മതഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് ഉള്‍പ്പടെ വിദ്വേഷം പടര്‍ത്തുന്ന പ്രതിഷേധങ്ങള്‍ നിരോധിക്കുന്ന നിയമ നടപടികളെപ്പറ്റി ആലോചിച്ച് വരികയാണെന്ന് ഡെന്‍മാര്‍ക്ക്. സ്വീഡനിലും ഡെന്‍മാര്‍ക്കിലും ഇസ്ലാം മതഗ്രന്ഥം കത്തിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

മതങ്ങള്‍, സംസ്‌കാരം എന്നിവയെ അവഹേളിക്കുന്ന സാഹചര്യത്തിലും ഡെന്‍മാര്‍ക്കിനെ പ്രതിരോധത്തിലാക്കുന്ന നിലവിലെ സാഹചര്യത്തിലും ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡെന്‍മാര്‍ക്കിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കും നടപടികള്‍ രൂപപ്പെടുത്തുക എന്നും പ്രസ്താവനയില്‍ പറയുന്നു. സ്വീഡനില്‍ ഇസ്ലാം മതഗ്രന്ഥം കത്തിച്ച സംഭവത്തിനു പിന്നാലെ ഡെന്‍മാര്‍ക്കിലും മതഗ്രന്ഥം കത്തിച്ചത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. മറ്റ് രാജ്യങ്ങളുടെ മതങ്ങളെയും സംസ്‌കാരത്തെയും അപമാനിക്കുന്നതിന് സഹായിക്കുന്ന ഒരു രാജ്യമായി ഡെന്‍മാര്‍ക്കിനെ കാണുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തിയെന്നും ഡെന്‍മാര്‍ക്ക് ഭരണകൂടം വ്യക്തമാക്കി. ഇത്തരം പ്രകോപനങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഡാനിഷ് സര്‍ക്കാര്‍ പ്രതികരിച്ചു.

വിഷയത്തില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സണുമായി താന്‍ കൂടിയാലോചന നടത്തിയെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റര്‍സണ്‍ പറഞ്ഞു. ഡെന്‍മാര്‍ക്കിലേതിന് സമാനമായി ഇത്തരം അവഹേളനങ്ങള്‍ക്കെതിരെ നിയപരമായ നടപടി സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്ന് സ്വീഡിഷ് സര്‍ക്കാര്‍ അറിയിച്ചു.

'സ്വീഡനിലും ലോകമെമ്പാടുമുള്ള സ്വീഡിഷ് വംശജരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിയമപരമായ നടപടികള്‍ പരിഗണിച്ച് വരികയാണെന്ന് ക്രിസ്റ്റര്‍സണ്‍ പറഞ്ഞു' - ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇക്കഴിഞ്ഞ ദിവസം ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് സര്‍ക്കാര്‍ 15 സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സായുധ സേന, എന്‍ഫോഴ്സമെന്റ് ഏജന്‍സികള്‍, സ്വീഡിഷ് ടാക്സ് ഏജന്‍സി, എന്നിവര്‍ക്കാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.