ഹരിയാനയില്‍ വി.എച്ച്.പി റാലിക്കുനേരെ കല്ലേറ്: മാരകായുധങ്ങളുമായി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി; നിരവധിപ്പേര്‍ക്ക് പരിക്ക്

ഹരിയാനയില്‍ വി.എച്ച്.പി റാലിക്കുനേരെ കല്ലേറ്: മാരകായുധങ്ങളുമായി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി; നിരവധിപ്പേര്‍ക്ക് പരിക്ക്

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) മതഘോഷയാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം. പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി തെരുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചു.

റാലിയില്‍ ബജറംഗദള്‍ പ്രവര്‍ത്തകനും കൊലപാതക കേസില്‍ പൊലീസ് തിരയുന്ന ആളുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നം രൂക്ഷമായതോടെ ആരാധനാലയങ്ങളിലും പൊലീസ് സ്റ്റേഷനുകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം 2500 ഓളം പേര്‍ അഭയം പ്രാപിച്ചു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഒരാള്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.

അക്രമം നിയന്ത്രിക്കാന്‍ ആയിരത്തിലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി.

അഞ്ചുമായി ഒളിവില്‍ കഴിയുന്ന മോനു മനേസര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാനില്‍ നിന്നുള്ള പൊലീസ് സംഘം നൂഹുവില്‍ എത്തിയിരുന്നു. ഇതിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.