ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയായി മാര്‍പ്പാപ്പ നിയമിച്ചു

ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയായി മാര്‍പ്പാപ്പ നിയമിച്ചു

ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയെ ചൊല്ലിയുള്ള തര്‍ക്കം പഠിച്ച് പരിഹാരം നിര്‍ദേശിക്കുക എന്നതാണ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന്റെ ദൗത്യം.

വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം സംബന്ധിച്ച് പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയമിച്ചു.

പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലാണ് എറണാകുളം-അങ്കമാലി അതിരൂപതക്ക് വേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റായി നിയമിതനായത്.

പരിശുദ്ധ സിംഹാസനം നിര്‍ദേശിച്ച ഏകീകൃത കുര്‍ബാനയര്‍പ്പണം സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നടപ്പാക്കിയെങ്കിലും എറണാകുളം-അങ്കമാലി രൂപതയിലെ ഏതാനും വൈദികരും ഒരു വിഭാഗം വിശ്വാസികളും ഇതംഗീകരിക്കാതെ സഭാ നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. കുര്‍ബാനയര്‍പ്പണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ല.

ഈ സാഹചര്യങ്ങളെല്ലാം മുന്‍ നിര്‍ത്തിയാണ് തര്‍ക്കത്തെ കുറിച്ച് വിശദമായി പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. സീറോ മലബാര്‍ സഭ പെര്‍മനന്റ് സിനഡിന്റെ ആവശ്യ പ്രകരമാണ് പ്രതിനിധിയെ നിയോഗിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം.

ഇതു സംബന്ധിച്ച് പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ 2023 മെയ് നാലിന് വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ നിയുക്ത കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും ചര്‍ച്ച നടത്തിയിരുന്നു.

പിന്നീട് 2023 ജൂണില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡ് സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഒരു പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സിനഡിന്റെ അനുകൂല തീരുമാനം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നത്.

ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഓഗസ്റ്റ് നാലിന് എറണാകുളത്ത് എത്തുമെന്നാണ് അറിയുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍ നിയമ പ്രൊഫസറും ഈശോ സഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയില്‍ ആര്‍ച്ച് ബിഷപ്പ് വാസിലിനെ അനുഗമിക്കുന്നുണ്ട്.

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പല്‍ ഡെലഗേറ്റ് പ്രവര്‍ത്തിക്കുമ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണ ചുമതല അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് തന്നെയായിരിക്കും.

1965 ല്‍ സ്ലോവാക്യയിലെ കൊസിഷെയില്‍ ജനിച്ച ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പ്രാഥമിക പഠനത്തിനുശേഷം സെമിനാരി പരിശീലനം പൂര്‍ത്തിയാക്കി 1987 ല്‍ വൈദികനായി. സഭാ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദേഹം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യം അധ്യാപകനായും പിന്നീട് റെക്ടറായും സേവനമനുഷ്ഠിച്ചു.

പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറിയായി 2009 ല്‍ നിയമിതനായതിനൊപ്പം ആര്‍ച്ച് ബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020 ല്‍ കൊസിഷെ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.

2011 ല്‍ സീറോ മലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.