'വിശക്കുന്നവന്റെ നിലവിളി സ്വര്‍ഗത്തോളം ഉയരുന്നു'; ധാന്യ ഉടമ്പടി പുനസ്ഥാപിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥിച്ച് മാര്‍പ്പാപ്പ

'വിശക്കുന്നവന്റെ നിലവിളി സ്വര്‍ഗത്തോളം ഉയരുന്നു'; ധാന്യ ഉടമ്പടി പുനസ്ഥാപിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥിച്ച് മാര്‍പ്പാപ്പ

ജോസ്‌വിന്‍ കാട്ടൂര്‍

വത്തിക്കാന്‍ സിറ്റി: കരിങ്കടല്‍ ധാന്യ ഉടമ്പടി (Black Sea Grain Deal) അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് റഷ്യന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഉക്രെയ്‌നില്‍ നിന്നുള്ള ധാന്യങ്ങളുടെ സുഗമവും സുരക്ഷിതവുമായ നീക്കത്തിനു വേണ്ടി, ഉക്രെയ്‌നും റഷ്യയും പരസ്പരമുണ്ടായിരുന്ന കരാറില്‍ നിന്ന് റഷ്യ ഏകപക്ഷീയമായി പിന്‍മാറിയ സാഹചര്യത്തിലാണ് മാര്‍പ്പാപ്പയുടെ ഈ അഭ്യര്‍ത്ഥന.

വിശപ്പനുഭവിക്കുന്ന ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരുടെ നിലവിളി സ്വര്‍ഗത്തിലേക്ക് ഉയരുമെന്ന് പരിശുദ്ധ പിതാവ് എല്ലാവരെയും ഓര്‍മ്മപ്പെടുത്തി. ധാന്യ വിതരണം സുഗമമായി പുനരാരംഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോടും തീര്‍ത്ഥാടകരോടും പാപ്പാ അഭ്യര്‍ത്ഥിച്ചു.

യുദ്ധം തുടങ്ങിയതോടുകൂടി, മേഖലയിലെ തുറമുഖങ്ങളില്‍ നിന്ന് കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം നിലച്ചിരുന്നു. ഇതു പുനസ്ഥാപിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥ ശ്രമങ്ങളിലൂടെ റഷ്യയും ഉക്രെയ്‌നും നിര്‍ണായകമായ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചത്. എന്നാല്‍, ഉക്രെയ്‌ന്റെ മൊത്തം ധാന്യക്കയറ്റുമതിയുടെ ചെറിയൊരു അളവു മാത്രമാണ് ദരിദ്ര രാജ്യങ്ങളില്‍ എത്തിച്ചേരുന്നത് എന്നാരോപിച്ച് കരാര്‍ കാലാവധി നീട്ടാന്‍ റഷ്യ അടുത്തയിടെ വിസമ്മതിച്ചു. റഷ്യയുടെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി, ആഗോള ഭക്ഷ്യസുരക്ഷയെ, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലെ അനേക ലക്ഷം ജനങ്ങളെ, ഗുരുതരമായി ബാധിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

മനുഷ്യരാശിയെ മുഴുവന്‍ പോറ്റാനുള്ള ദൈവത്തിന്റെ ദാനമാണ് ധാന്യമെന്നും, യുദ്ധം മൂലം അതിന്റെ വിതരണം തടസപ്പെടുത്തുന്നത് ദൈവത്തിനെതിരായി ചെയ്യുന്ന ഗൗരവമേറിയ പാപമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. യുദ്ധം അവസാനിക്കാനും യുദ്ധത്തിന്റെ ഭീകരമായ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉക്രെയ്ന്‍ ജനതക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന തുടരാനും പാപ്പാ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍, ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ധാന്യ കരാറില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റത്തെയും ഉക്രെയ്ന്‍ തുറമുഖങ്ങളിലെ ധാന്യശേഖങ്ങളുടെ മേല്‍ റഷ്യ നടത്തിയ ആക്രമണങ്ങളെയും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. നീണ്ടുനില്‍ക്കുന്ന റഷ്യ - ഉക്രെയ്ന്‍ സംഘര്‍ഷം, ആഗോളതലത്തിലും പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. അതേസമയം, കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ സഹായ സഹകരണങ്ങളും ഇരു പക്ഷത്തിനും അദ്ദേഹം വാഗ്ദാനം ചെയ്തു. ഉക്രെയ്‌ന്റെയും റഷ്യയുടെയും ഭക്ഷ്യധാന്യങ്ങളും രാസവളവും ആഗോളവിപണികളില്‍ എത്തിക്കാന്‍ തങ്ങളാലാവുംവിധം എല്ലാ ശ്രമവും നടത്തുമെന്ന് സെക്രട്ടറി ജനറല്‍ ഉറപ്പു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.