മാര്‍പ്പാപ്പ നാളെ ലിസ്ബണിലെത്തും; ആഗോള യുവജനദിന പരിപാടികളെ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിച്ചു

 മാര്‍പ്പാപ്പ നാളെ ലിസ്ബണിലെത്തും; ആഗോള യുവജനദിന പരിപാടികളെ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ ഇന്ന് ആരംഭിക്കുന്ന ലോക യുവജനദിനത്തില്‍ പങ്കെടുക്കുന്ന എല്ലാ തീര്‍ത്ഥാടകരെയും പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ആഗോള യുവജനദിനത്തില്‍ പങ്കെടുക്കാന്‍ പോര്‍ച്ചുഗലിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി മാര്‍പ്പാപ്പ റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയാണ് തന്റെ സന്ദര്‍ശനത്തെയും ലോക യുവജനദിനത്തില്‍ പങ്കെടുക്കുന്നവരെയും പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചത്.


ഓസ്ട്രേലിയ, യുകെ, യു.എസ്എ, ന്യൂസിലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സിറോ മലബാര്‍ തീര്‍ഥാടകര്‍ പോര്‍ച്ചുഗലിലെ മിന്‍ഡേ പട്ടണത്തില്‍ നടന്ന സിറോ മലബാര്‍ ഫെസ്റ്റില്‍ ഒത്തുചേര്‍ന്നപ്പോള്‍

ലിസ്ബണിലേക്കുള്ള അപ്പസ്‌തോലിക യാത്രയ്ക്കു മുമ്പായി തിങ്കളാഴ്ച്ചയാണ് മാര്‍പ്പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിനു മുന്‍പില്‍ പ്രാര്‍ഥന നടത്തിയതെന്ന് ഹോളി സീ പ്രസ് അറിയിച്ചു.

നാളെ ലിസ്ബണിലെത്തുന്ന ഫ്രാന്‍സിസ് പാപ്പ സമാപനദിവസമായ ഞായര്‍ വരെ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. ഓഗസ്റ്റ് മൂന്നിന് സംഗമത്തെ അഭിസംബോധന ചെയ്യുന്ന മാര്‍പ്പാപ്പ, ആറിനു രാവിലെ ഒന്‍പതു മണിക്ക് ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.


ലിസ്ബണില്‍ മാര്‍ഗംകളി അവതരിപ്പിച്ച സിറോ മലബാര്‍ യുവജനങ്ങള്‍

പതിനാറാമത് യുവജനസമ്മേളനത്തില്‍ ഇരുനൂറ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 16-35 പ്രായമുള്ളവര്‍ക്കാണ് ഔദ്യോഗിക ക്ഷണമെങ്കിലും പ്രായഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. 20 കര്‍ദിനാള്‍മാരും 700 മെത്രാന്മാരും 20,000 വോളന്റിയര്‍മാരും സമ്മേളനത്തിനു നേതൃത്വം നല്കുന്നു.

ലിസ്ബണിലെ നൂറിലധികം സ്ഥലങ്ങളിലായി അഞ്ഞൂറിലധികം പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംഗീതത്തിനും കലയ്ക്കും പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്. വ്യക്തികളുടെയും ബാന്‍ഡുകളുടേതുമായി 290 സംഗീതപരിപാടികള്‍ നടക്കും. 27 സ്‌ക്രീനുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനമുണ്ടാകും. തെരുവുനൃത്ത പരിപാടികള്‍, എക്‌സിബിഷനുകള്‍ മുതലായവയും ഒരുക്കിയിരിക്കുന്നു. ഫാത്തിമ മാതാവിന്റെ പേരിലും എക്‌സിബിഷനുണ്ട്. ഫുട്‌ബോളിനു പുറമേ, ഇത്തവണ ബീച്ച് വോളിബോളിലും മറ്റ് കായിക ഇനങ്ങളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.


ലോക യുവജന സംഗമത്തിന് മുന്നോടിയായി ഫാത്തിമയില്‍ നടന്ന സിറോ മലബാര്‍ സഭയുടെ കുര്‍ബാന

ഫാത്തിമ മാതാവിന്റെ ചിത്രം നേരിട്ടുകാണാനുള്ള അവസരമാണ് മറ്റൊന്ന്. പോര്‍ച്ചുഗലിലെ ഫാത്തിമ ദര്‍ശനത്തിന്റെ ചാപ്പലില്‍ ഒരു നൂറ്റാണ്ടായി വണങ്ങപ്പെടുന്ന ചിത്രം, യുവജനസമ്മേളനത്തിന്റെ അവസാനദിനമായ ആറിന് മാര്‍പ്പാപ്പ ദിവ്യബലിയര്‍പ്പിക്കുന്ന അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. മഗ്ദലന മേരി, തോമസ് അക്വിനാസ്, മദര്‍ തെരേസ, ആവിലയിലെ തെരേസ തുടങ്ങിയ വിശുദ്ധരുടെയും 1986-ല്‍ യുവജനദിനാഘോഷത്തിനു തുടക്കം കുറിച്ച വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെയും തിരുശേഷിപ്പുകള്‍ വണങ്ങാനുള്ള അവസരം ലിസ്ബണില്‍ ഒരുക്കിയിട്ടുണ്ട്.

ബ്രസീലിലെ റിയോ ഡി ജനീറോ (2013), പോളണ്ടിലെ ക്രാക്കോവ് (2016), പനാമ (2019) എന്നിവിടങ്ങളില്‍ നടന്ന ലോക യുവജനദിനങ്ങള്‍ക്കുശേഷം നാലാം തവണയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഗോള യുവജനദിനത്തില്‍ അധ്യക്ഷത വഹിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26