ആയുധ പരിശീലനം ഉള്‍പ്പടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം; പിഎഫ്ഐയുടെ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി

ആയുധ പരിശീലനം ഉള്‍പ്പടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം; പിഎഫ്ഐയുടെ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി

കൊച്ചി: ആയുധ പരിശീലനം ഉള്‍പ്പടെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഞ്ചേരിയിലെ കാരാപറമ്പിലുള്ള ഗ്രീന്‍വാലി അക്കാദമി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടുകെട്ടി. പത്ത് ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തില്‍ എന്‍ഡിഎഫും പിഎഫ്ഐയും ആയുധ പരിശീലനം നടത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് എന്‍ഐഎ വ്യക്തമാക്കി.

യുഎപിഎ പ്രകാരമാണ് നടപടി. അക്കാദമിയിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് എന്‍ഐഎ നോട്ടിസ് പതിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറിന് എന്‍ഐഎ കൊച്ചി യൂണിറ്റ് ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രിയോടെ സ്ഥലത്തെത്തിയാണ് സ്ഥാപനം കണ്ടുകെട്ടിയത്.

സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചിരുന്നതിന് പുറമേ ആയുധ പരിശീലനം, കായിക പരിശീലനം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള ക്ലാസുകള്‍, കൊലപാതകക്കേസ് പ്രതികള്‍ക്ക് അഭയം നല്‍കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇവടെ നടന്ന് വന്നിരുന്നതായും എന്‍ഐഎ കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് നേരത്തേ ഉയോഗിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. അക്കാദമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി.

എന്‍ഐഎ പിടിച്ചെടുക്കുന്ന കേരളത്തിലെ ആറാമത്തെ ആയുധ, കായിക പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണിത്. പെരിയാര്‍ വാലി, മലബാര്‍ ഹൗസ്, വളളുവനാട് ഹൗസ്. കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ട്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ നേരത്തെ കണ്ടുകെട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.