ലോക യുവജന സമ്മേളനത്തിന് വിശുദ്ധ കുർബാനയോടെ തുടക്കം; പാത്രിയർക്കീസ് ​​കർദിനാൾ മാനുവൽ ക്ലെമെന്റ് മുഖ്യകാർമികനായി

ലോക യുവജന സമ്മേളനത്തിന് വിശുദ്ധ കുർബാനയോടെ തുടക്കം; പാത്രിയർക്കീസ് ​​കർദിനാൾ മാനുവൽ ക്ലെമെന്റ് മുഖ്യകാർമികനായി

ലിസ്ബൺ: ലോക യുവജന സമ്മേളനത്തിന് വിശുദ്ധ കുർബാനയോടെ വർണാഭമായ തുടക്കം. എഡ്വേർഡോ ഏഴാമൻ പാർക്കിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയക്ക് ലിസ്ബണിലെ പാത്രിയർക്കീസ് ​​കർദിനാൾ മാനുവൽ ക്ലെമെന്റ് മുഖ്യകാർമികത്വം വഹിച്ചു.

വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 39ാം വാക്യത്തിൽ പറയുന്ന മേരി എഴുന്നേറ്റു തിടുക്കത്തിൽ പോയി എന്ന ദൈവ വചനത്തിൽ നിന്ന് യുവജനതക്ക് ഒത്തിരിയേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് കർദിനാൾ പറഞ്ഞു. ഒന്നാമതായി മേരി പുറപ്പെട്ടു. ഗതാഗത മാർ​ഗങ്ങൾ ഇല്ലാത്തതും ദുഷ്കരവുമായ ഒരു പാതയിലൂടെ അവൾ തനിയെ പുറപ്പെട്ടു എന്നാണ് വചനം സാക്ഷ്യപ്പെടുത്തുന്നത്. മേരി അന്ന് നിങ്ങളെ എല്ലാവരെയും പോലെ ചെറുപ്പമായിരുന്നു. അത്ഭുതകരമായ രീതിയിൽ യേശുവിനെ ഗർഭം ധരിച്ചെന്ന കാര്യവും സുവിശേഷം വിവരിക്കുന്നുണ്ട്.

മാതാവ് തന്റെ ഉദരത്തിൽ വഹിച്ചത് 'അനുഗ്രഹീത ഫലമായ' യേശുവിനെയായിരുന്നു. ക്രിസ്ത്യാനികളായ നമ്മളും യേശുവിനെ വഹിക്കുന്നുണ്ട്, ആത്മീയമായും യഥാർത്ഥമായും ക്രിസ്തുവിനെ സ്വീകരിക്കുന്നത് വചനത്തിലൂടെയും കൂദാശകളിലൂടെയും ദാനദർമ്മങ്ങളിലൂടെയുമാണ്. ദൈവത്തിലേക്കുള്ള വഴിയായി യേശുവിൽ വിശ്വസിക്കുന്നതിനാൽ അവനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമുക്കും ശ്രമിക്കാമെന്ന് കർദിനാൾ പറഞ്ഞു.

രണ്ടാമത്തെ കാര്യം മേരി തന്റെ ബന്ധുവിനെ കാണാൻ യഹൂദയിലെ മലമ്പ്രദേശത്തേക്ക് "തിടുക്കത്തോടെ" പോയി. മേരി തിടുക്കത്തോടെയാണ് പോയത് പക്ഷേ ഉത്കണ്ഠയോടെയല്ല, ശാന്തമായിരുന്നു ആ യാത്ര. അതിനാൽ നിങ്ങൾ തിടുക്കത്തിൽ, ഉത്കണ്ഠയില്ലാതെ, തനിക്കുള്ളത് പങ്കിടുന്ന ഒരാളായിരിക്കണം.

എലിസബത്ത് തന്റെ ബന്ധുവായ മേരിയെ അഭിവാദ്യം ചെയ്തതിനെക്കുറിച്ചും സുവിശേഷം പറയുന്നുണ്ട്. "സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാണ്, നിന്റെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടതാണ് എന്നാണ് വചനം പറയുന്നത്. യുവാക്കൾ നടത്തുന്ന ഓരോ സമ്മേളനങ്ങളും ഒരു യഥാർത്ഥ അഭിവാദ്യത്തോടെ ആരംഭിക്കണമെന്നും കർദ്ദിനാൾ ഉദ്ബോധിപ്പിച്ചു. ലിസ്ബൺ നിങ്ങളെ പൂർണ്ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇവിടെ ഉള്ള ഓരോരുത്തരിലും എലിസബത്തിന്റെ ഭവനം ഞാൻ കാണുന്നു. കാരണം അവൾ മറിയത്തെയും യേശുവിനെയും ഒരു പോലെ സ്വീകരിച്ചെന്നും കർദിനാൾ പറ‍ഞ്ഞു.



ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യാൻ നമുക്ക് മാതാവിൽ നിന്ന് പഠിക്കാം. ഈ ലോക യുവജന ദിനത്തിൽ നമുക്ക് അത് തീവ്രമായി പരിശീലിക്കാം. പുതിയ ലോകം ആരംഭിക്കുന്നത് ഓരോ കണ്ടുമുട്ടലിന്റെ പുതുമയിലും നാം കൈമാറുന്ന അഭിവാദനത്തിന്റെ ആത്മാർത്ഥതയിലും ആണ്. നിങ്ങൾക്കെല്ലാവർക്കും സന്തോഷകരവും പ്രചോദനാത്മകവുമായ ഒരു ലോക യുവജനദിനം ആശംസിക്കുന്നെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

അഞ്ച് ദിവസത്തെ ആരാധനയ്ക്കും പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ലോകമെമ്പാടുമുള്ള ചെറുപ്പക്കാർ ഒത്തുകൂടിയത്. കോവിഡിനു ശേഷം നടക്കുന്ന ആദ്യ യുവജന സമ്മേളനമാണിത്. ഇന്ന് വൈകിട്ടോടെ ഫ്രാൻസിസ് മാർപ്പാപ്പ ലിസ്ബണിലെത്തും. 143 രാജ്യങ്ങളിൽ നിന്നായി 354,000 തീർഥാടകർ ഈ പരിപാടിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.