ലിസ്ബണിലെത്തിയതില്‍ ഏറെ സന്തോഷമെന്ന് പ്രസിഡന്റ് ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ മാര്‍പ്പാപ്പ
ലിസ്ബണ്‍: ആഗോള കത്തോലിക്ക യുവജന സംഗമത്തിന് നേതൃത്വം നല്‍കുന്നതിനായി ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെത്തി. പരിശുദ്ധ പിതാവിന്റെ 42-ാമത് അപ്പോസ്‌തോലിക യാത്രയാണിത്. ലിസ്ബണിലെ ഫിഗോ മഡുറോ എയര്‍ ബേസില്‍ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10 മണിക്കാണ് പാപ്പയെയും സംഘത്തെയും വഹിച്ചുള്ള വിമാനമിറങ്ങിയത്.
ഇറ്റലിയിലെ ഐടിഎ-എയര്‍വേസ് വിമാനം ഇന്നു രാവിലെ പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് റോമിലെ ഫിയുമിസിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. യാത്രാമധ്യേ, യുവജന സംഗമത്തില്‍ പങ്കെടുത്ത് താന്‍ കൂടുതല്‍ യുവത്വത്തോടെ റോമിലേക്ക് മടങ്ങുമെന്ന് മാധ്യമപ്രവര്‍ത്തകരോട് തമാശരൂപേണ പറഞ്ഞു.
പ്രസിഡന്‍ഷ്യല്‍ ബെലെം പാലസില്‍ പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസ ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിലാണ് മാര്‍പ്പാപ്പ ഇപ്പോള്‍ പങ്കെടുക്കുന്നത്. ബിഷപ്പുമാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, സമര്‍പ്പിതര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വലിയൊരു സംഘത്തെയാണ് മാര്‍പാപ്പ അഭിസംബോധന ചെയ്യുന്നത്.
ലിസ്ബണിലെത്തിയതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നു പാപ്പ പറഞ്ഞു. വൈവിധ്യങ്ങളായ സംസ്‌കാരങ്ങളുടെ സംഗമവേദിയാണ് പോര്‍ച്ചുഗല്‍. ലോകത്തിന്റെ ഭാവി യുവാക്കളാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ലിസ്ബണില്‍ യുവജന സമ്മേളനത്തിനായി 200-ലധികം രാജ്യങ്ങളില്‍ നിന്നും എത്തിയ 15 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് മാര്‍പ്പാപ്പയെ ആവേശപൂര്‍വം കാത്തിരുന്നത്. വിമാനമിറങ്ങിയ പാപ്പയ്ക്ക് പ്രൗഡഗംഭീരമായ വരവേല്‍പ്പാണു ലഭിച്ചത്. കുതിരപ്പുറത്തേറിയ സൈനികരുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പാപ്പ വിമാനത്താവളത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയത്. പാപ്പയുടെ വാഹനം വരുന്ന വഴിയില്‍ ഇരുവശത്തും നിരവധി പേര്‍ കൈവീശിയും ആഹ്‌ളാദം പ്രകടിപ്പിച്ചും പാപ്പയെ സ്വീകരിച്ചു.
നഗരത്തിലുടനീളം സ്ഥാപിച്ച ബാനറുകളിലും ഓട്ടോമാറ്റിക് ബാങ്ക് മെഷീനുകളിലെ സ്‌ക്രീനുകളിലും 'ഞാന്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന സന്ദേശത്തോടൊപ്പം മാര്‍പാപ്പയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയെ ലോക യുവജന ദിന പരിപാടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ടുള്ള ചടങ്ങ് വ്യാഴാഴ്ച മീറ്റിംഗ് ഹില്ലില്‍ (എഡ്വാര്‍ഡോ VII പാര്‍ക്ക്) നടക്കും. നിരവധി ആര്‍ച്ച് ബിഷപ്പുമാരും മെത്രാന്‍മാരും ആയിരകണക്കിന് വൈദികരും സന്യസ്തരും യുവജന സംഗമത്തില്‍ പങ്കുചേരുന്നുണ്ട്. ഇന്ത്യയില്‍ നിന്നു ആയിരത്തോളം പേരാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. അഞ്ച് ദിവസമാണ് മാര്‍പ്പാപ്പ ലിസ്ബണിലുണ്ടാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.