ചൈനയില്‍ 140 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയും പ്രളയവും; 20 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

ചൈനയില്‍ 140 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയും പ്രളയവും; 20 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

ബീജിങ്: നൂറ്റിനാല്‍പതു വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയില്‍ വിറങ്ങലിച്ച് ചൈന. തലസ്ഥാനമായ ബീജിങ്ങിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയിലും പ്രളയത്തിലും 20 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ശനിയാഴ്ച മുതല്‍ ബുധനാഴ്ച രാവിലെ വരെ നഗരത്തില്‍ 744.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി ബീജിങ് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 1891 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണിത്.

കഴിഞ്ഞ 40 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് ജൂലൈ മാസം മുഴുവന്‍ പെയ്ത മഴയുടെ അത്രയും വരും. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഡോക്സുരി കഴിഞ്ഞയാഴ്ച തെക്കന്‍ ഫുജിയാന്‍ പ്രവിശ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം വടക്കോട്ട് നീങ്ങിയതിന് പിന്നാലെയാണ് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പൗരന്മാരെ ക്യാമ്പുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചില മേഖലകളില്‍ ട്രെയിന്‍, റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

കനത്ത മഴയില്‍ ബീജിങ്ങിലും ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയിലും റോഡുകള്‍ തകരുകയും വൈദ്യുതി തടസ്സപ്പെടുകയും കുടിവെള്ള പൈപ്പുകള്‍ തകരുകയും ചെയ്തു. ഹെബെയ് പ്രവിശ്യയിലെ ഒരു ചെറിയ നഗരമായ ഷുവോഷൂ ആണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒന്ന്. പല നദികളുടെയും സംഗമ സ്ഥാനമായ ഇവിടേക്ക് മറ്റിടങ്ങളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്നതാണ് വെല്ലുവിളിയാകുന്നത്. ചൈനയുടെ കിഴക്കന്‍ തീരത്ത് മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

അതേസമയം നഗരത്തിലെയും സമീപ ഗ്രാമങ്ങളിലെയും വെള്ളപ്പൊക്കത്തില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. വിവിധയിടങ്ങിളില്‍ ഒറ്റപ്പെട്ടവര്‍ക്കായി ഭക്ഷണമെത്തിക്കാനായി സൈനിക ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കാനും, നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രാദേശിക സര്‍ക്കാരുകളോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരവിട്ടിട്ടുണ്ട്.

സാധാരണ വരണ്ട വേനല്‍ക്കാലം അനുഭവപ്പെടാറില്ല ചൈനയില്‍ ഇത്തവണ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന തീവ്രമായ കാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ച് വിദഗ്ദര്‍ നേരത്തെ തന്നെ ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് കടുത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായതിന് പിന്നാലെ തെക്കുപടിഞ്ഞാറുള്ള നഗരമായ ഷുവോഷുവിലേക്ക് അടിയന്തരമായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പ്രാദേശിക അധികൃതര്‍ വിന്യസിച്ചിരുന്നു.

2012 ലെ പ്രളയത്തില്‍ ചൈനയില്‍ 79 പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.