പാരീസ്: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ പൗരന്മാരെ ഫ്രാന്‍സ് ഒഴിപ്പിച്ചു. ഇന്ത്യക്കാരടക്കം 992 പേരെയാണ് കഴിഞ്ഞ രണ്ട് ദിവസത്തില്‍ ഒഴിപ്പിച്ചത്.
ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവല്‍ ലെനൈനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒഴിപ്പിച്ച 992 പേരില്‍ 560 പേര്‍ ഫ്രഞ്ച് പൗരന്മാരാണ്. നൈജറില്‍ നിന്ന് വിമാന മാര്‍ഗമാണ് വിദേശ പൗരന്മാരെ മടക്കി കൊണ്ടുവന്നത്. അതേസമയം, ഒഴിപ്പിക്കപ്പെട്ട ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് ജനറല്‍ അബ്ദുറഹ്‌മാന്‍ ചിയാനി നൈജറില്‍ അധികാരം പിടിച്ചെടുത്തത്. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് ഭരണം അട്ടിമറിച്ചതിന് പിന്നാലെ ചിയാനി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 2011 മുതല്‍ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ ചുമതല വഹിക്കുന്ന ആളാണ് ജനറല്‍ ചിയാനി.
അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പട്ടാള അട്ടിമറി. ആഫ്രിക്കന്‍ യൂണിയന്‍, വെസ്റ്റ് ആഫ്രിക്കന്‍ റീജണല്‍ ബ്ലോക്ക് (എക്കോവാസ്), യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അട്ടിമറിയെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പമാണ് മുഹമ്മദ് ബാസ് നിലകൊണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.