കോട്ടയം: വിവിധ രംഗങ്ങളിൽ സ്തുത്യർഹമായി സേവനം ചെയ്തവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിച്ച് ചങ്ങാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്. മാധ്യമ പ്രവർത്തകനും യു കെ യിൽ സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്തുകയും ചെയ്യുന്ന ഷൈമോൻ തോട്ടുങ്കലിന് പ്രവാസി കീർത്തി പുരസ്‌കാരം നൽകി ആദരിച്ചു. ഷൈമോൻ തോട്ടുങ്കൽ യു കെ യിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ കൂടിയാണ്. ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ രൂപതയുടെ പി ആർ ഒ കൂടിയായ അദ്ദേഹം മാതൃ ഇടവകയോടും ചങ്ങനാശ്ശേരി അതിരൂപതയോടും ഇപ്പോഴും ശക്തമായ ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലെ വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥനും സ്ഥാനപതിയുമായിരുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, പ്രഭാഷകനും എഴുത്തുകാരനുമായ ജോ കാവാലം, ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ കീഴിലെ എംബസ്സിയിൽ നിന്ന് വിരമിച്ച ബോബി മാനാട്ട് എന്നിവർക്ക് പ്രവാസി എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. ചങ്ങനാശേരി കോച്ചേരി കുടുംബാംഗമായ മാർ ജോർജ് കോച്ചേരി തന്റെ നീണ്ട വര്ഷങ്ങളിലെ സ്തുത്യർഹമായ പ്രവാസ ജീവിതത്തിന് ശേഷം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. ബംഗ്ലാദേശിലെ വത്തിക്കാൻ സ്ഥാനപതി (നൂൺഷിയോ) ആയി കഴിഞ്ഞ വർഷമാണ് അദ്ദേഹം വിരമിച്ചത്.
കോട്ടയം അതിരമ്പുഴ സ്വദേശിയായ ബോബി മാനാട്ട് ദീർഘ നാൾ സൗദി അറേബ്യായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഓഫിസറായിരുന്നു. തന്റെ സേവനകാലത്ത് സൗദി അറബിയയിലെ പ്രവാസകൾക്കായി ധാരാളം ഇടപെടലുകൾ നടത്തിയിട്ടുള്ള ബോബി പ്രവാസി അപ്പോസ്തലേറ്റിന്റെ സൗദി ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന ജോ കാവാലം അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും സംഘാടകനും കൂടിയാണ്. സീന്യൂസ് ലൈവിന്റെ ചീഫ് എഡിറ്റർ എന്ന നിലയിലും പ്രവാസി അപ്പോസ്തലേറ്റിന്റെ ഗ്ലോബൽ കോർഡിനേറ്റർ എന്ന നിലയിലും സേവനം ചെയ്യുന്നു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച സംഭരംഭകർക്കും, നഴ്‌സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും ചടങ്ങിൽ പ്രത്യേക പുരസ്‌കാരങ്ങൾ നൽകി.
ഗോവ ഗവർണർ അഡ്വ ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്ത പ്രവാസി സംഗമത്തിൽ വച്ച് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് അവാർഡുകൾ വിതരണം ചെയ്തത്. തിരുവല്ല അതിരൂപതാ മെത്രാപ്പോലീത്ത തോമസ് മാർ കുറിലോസ്, ചങ്ങാശേരി അതിരൂപതാ വികാരി ജനറാൾ ഫാ ജോസഫ് വാണിയപ്പുരക്കൽ, ഡോ ലിസ് മേരി എഫ് സി സി, ഫാ റ്റെജി പുതുവീട്ടിക്കളം, ഫാ ജിജോ മാറാട്ടുകളം, ഷെവ. സിബി വാണിയാപുരക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അവാർഡ് ലഭിച്ചവരുടെ പ്രതിനിധിയായി മാർ ജോർജ് കോച്ചേരി ചങ്ങനാശ്ശേരി അതിരൂപതയ്ക്കും പ്രവാസി അപ്പോസ്തലേറ്റിനും പ്രത്യേകം നന്ദി പറഞ്ഞു.
സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളെയാണ് അവാർഡിനായി പരിഗണിച്ചതെന്ന് അവാർഡ് നിർണയ സമിതി കൺവീനർമാരായ സജീവ് ചക്കാലക്കൽ, എൻ വി ജോസഫ് എന്നിവർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാമനിർദേശം ചെയ്തവരിൽ നിന്നും അവാർഡ് നിർണായ സമിതിയാണ് അർഹരായവരെ കണ്ടെടുത്തത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.