ബ്രഹ്മപുരം മാലിന്യ പ്രശ്നം; പട്ടാള പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിനായി കോര്‍പ്പറേഷന്‍ മുന്‍കൈയെടുക്കണം: ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്രശ്നം; പട്ടാള പുഴുവിനെ ഉപയോഗിച്ചുള്ള  പ്ലാന്റിനായി കോര്‍പ്പറേഷന്‍ മുന്‍കൈയെടുക്കണം: ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്നത്തില്‍ പരിഹാര നിര്‍ദ്ദേശവുമായി ഹൈക്കോടതി. പട്ടാള പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിനായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി ഈ മാസം പതിനെട്ടിന് കോടതി വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നേതൃത്വത്തില്‍ ഉള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്വകാര്യ കമ്പനികളുമായി സഹകരിച്ച് അമ്പത് ടണ്‍ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ മുമ്പ് തീരുമാനമെടുത്തിരുന്നു. ജൈവമാലിന്യത്തില്‍ പട്ടാളപ്പുഴുക്കളുടെ മുട്ടകള്‍ നിക്ഷേപിച്ച് വിരിയിച്ച് ലാര്‍വയാക്കി മാറ്റുവാന്‍ സാധിക്കും. ഇവ പുറത്തു വിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കിും മാറ്റാം.

കൂടാതെ ബ്രഹ്മപുരത്ത് കെട്ടികിടക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനായി വിളിച്ച പുതിയ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനും അതിന്റെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കോടതിക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ബ്രഹ്മപുരത്തെ ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോടതി നിര്‍ദ്ദേശിച്ചു.

തദ്ദേശ വകുപ്പ് സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.