അഞ്ച് വയസുകാരിയുടെ കൊലപാതകം: ഡമ്മി തയ്യാറാക്കി കുറ്റകൃത്യം പുനസൃഷ്ടിക്കും

അഞ്ച് വയസുകാരിയുടെ കൊലപാതകം: ഡമ്മി തയ്യാറാക്കി കുറ്റകൃത്യം പുനസൃഷ്ടിക്കും

കൊച്ചി: അഞ്ച് വയസുകാരിയുടെ കൊലപാതകം പുനസൃഷ്ടിക്കാനൊരുങ്ങി പൊലീസ്. ഇതിനായി ഡമ്മി തയ്യാറാക്കും. പ്രതിയെ വീണ്ടും ആലുവ മാര്‍ക്കറ്റിലെത്തിച്ച് കുറ്റകൃത്യം പുനസൃഷ്ടിക്കാനാണ് പദ്ധതി. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാലാണ് ഇത്തരമൊരു നീക്കം.

കുട്ടിയെ കൊലപ്പെടുത്തിയ രീതിയടക്കം വെളിച്ചത്ത് കൊണ്ടുവരാനാണ് പുതിയ ശ്രമം. കുട്ടിയുമായി ആലുവ ഗാരേജ് ബസ് സ്റ്റോപ്പില്‍ നിന്ന് പ്രതി ആരംഭിച്ച ബസ് യാത്ര മുതലാണ് പുനസൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയ കുട്ടിയുടെ ബനിയന്റെ ഭാഗവും കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ബനിയന്റെ ഭാഗവും ഒന്നാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെയും പ്രതി അസ്ഫാക് ആലത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയും കുട്ടിയും സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെത്തിയിരുന്നു.

പൊലീസ് സര്‍ജനെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ അനൂപ് പി. തങ്കപ്പനാണ് ആലുവ മാര്‍ക്കറ്റില്‍ എത്തി പരിശോധന നടത്തിയത്. മൃതദേഹത്തില്‍ കണ്ട മുറിവുകളിലേക്ക് വഴിവെച്ച സാഹചര്യങ്ങള്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

പീഡനവും കൊലപാതകവും നടത്തിയതിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാലാണ് ശാസ്ത്രീയമായ തെളിവുകള്‍ പരമാവധി ശേഖരിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് കൈമാറും. കേസിലെ പ്രതി അസഫാക് ആലവുമായി ആലുവ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും ചെരിപ്പും കണ്ടെടുത്തിരുന്നു. ഇവ മാതാവിനെ കാണിച്ച് കുട്ടിയുടേതുതന്നെയാണെന്ന് ഉറപ്പു വരുത്തിയതായി ഡി.ഐ.ജി. എ. ശ്രീനിവാസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.