മതവിശ്വാസങ്ങളെ ആക്ഷേപിച്ച് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: അഡ്വ.വി.സി. സെബാസ്റ്റ്യൻ

മതവിശ്വാസങ്ങളെ ആക്ഷേപിച്ച് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: അഡ്വ.വി.സി. സെബാസ്റ്റ്യൻ

കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യംവെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലു വിളിച്ച് കേരള സമൂഹത്തിൽ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നത് ഭാവിയിൽ വൻ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ.

വിവിധ മതങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സമൂഹത്തിൽ നിലനിൽക്കുമ്പോഴും സാഹോദര്യവും സമാധാനവും പുലർത്തുന്ന കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും അഭിമാനമേകുന്നു. എന്നാലിന്ന് മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന നിരീശ്വരവാദ അജണ്ടകൾ സാക്ഷര കേരളത്തിൽ വളർന്നുവരുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. ഭരണപരാജയങ്ങളിൽ നിന്ന് ഒളിച്ചോടാൻ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച് തലമുറകളായി കൈമാറുന്ന മത വിശ്വാസങ്ങളെ അധികാരത്തിലിരിക്കുന്നവർ നിരന്തരം വെല്ലുവിളിക്കുന്നത് ധിക്കാരപരവും എതിർക്കപ്പെടേണ്ടതുമാണ്.

മദ്യവും മയക്കുമരുന്നും നിയമങ്ങൾ അട്ടിമറിച്ച് നിയന്ത്രണമില്ലാതെ നാട്ടിലൊഴുകുന്നു. കടക്കെണിയിൽ സംസ്ഥാന ഭരണം സ്തംഭിച്ചു. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നു. വൻ അഴിമതിയും കെടുകാര്യസ്ഥതയും അനധികൃത നിയമനങ്ങളും വ്യാജ സർട്ടിഫിക്കറ്റുകളും മൂലം വിദ്യാഭ്യാസമേഖലയും തകർന്നടിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം വെച്ചുള്ള തീവ്രവാദവും കേരളത്തിൽ ശക്തിപ്രാപിക്കുന്നു. പുതിയ തൊഴിലവസരങ്ങളില്ല. വികസനം നിലച്ചു. വ്യവസായികൾ കേരളം വിടുന്നു. പുതു തലമുറ ജോലിക്കും പഠനത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്നു.

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് കാലങ്ങളായി പണമില്ല. പാവപ്പെട്ടവർക്കുള്ള സാമൂഹ്യ പെൻഷനുകളില്ല. ഭീകര പ്രസ്ഥാനങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകൾ കേരളത്തിലെന്ന് സർക്കാർ ഏജൻസികൾ വ്യക്തമാക്കുന്നു. ഭരണ നിർവ്വഹണ വീഴ്ചകൾ മറയ്ക്കാൻ മതവിശ്വാസങ്ങളെ വെല്ലുവിളിച്ച് സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുവാനും ജനങ്ങളെ തെരുവിലിറക്കി തമ്മിലടിപ്പിക്കുവാനുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ആസൂത്രിതമായ അജണ്ടകൾക്കെതിരെ പൊതുമനസാക്ഷിയുണരണമെന്ന് വി.സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.