ലോക യുവജന സംഗമത്തിനെത്തിയ മാര്‍പ്പാപ്പയ്ക്ക് സ്വര്‍ഗത്തില്‍ നിന്നൊരു 'ഷേക്ക് ഹാന്‍ഡ്' നല്‍കി 21-കാരന്‍

ലോക യുവജന സംഗമത്തിനെത്തിയ മാര്‍പ്പാപ്പയ്ക്ക് സ്വര്‍ഗത്തില്‍ നിന്നൊരു 'ഷേക്ക് ഹാന്‍ഡ്' നല്‍കി 21-കാരന്‍

പ്രഥമ വ്രതവാഗ്ദാനവേളയിൽ പാബ്ലോ കുടുംബാഗങ്ങൾക്കൊപ്പം

ജോസ്‌വിന്‍ കാട്ടൂര്‍

ലിസ്ബണ്‍: ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു. കാരണം, അസ്ഥികളെ ബാധിച്ചിരുന്ന 'എവിങ്‌സ് സര്‍കോമ' എന്ന കാന്‍സര്‍ രോഗം അവന് ഒരു പ്രതീക്ഷയും നല്‍കിയിരുന്നില്ല. എന്നാല്‍, സ്വന്തം കൈപ്പടയില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് അവന്‍ ഇങ്ങനെ എഴുതി: 'പാപ്പാ, അങ്ങ് ലിസ്ബണില്‍ ആയിരക്കണക്കിന് യുവജനങ്ങളെ ആശീര്‍വദിക്കുമ്പോള്‍, ഞാന്‍ ഈ ലോകത്തില്‍ ഉണ്ടാവുമോയെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഒരുപക്ഷേ, അപ്പോള്‍ ഞാന്‍ സ്വര്‍ഗത്തില്‍, എന്റെ പ്രിയപ്പെട്ട ഈശോയോടൊപ്പമായിരിക്കും. അങ്ങനെയെങ്കില്‍, എന്റെ 'പ്രിയന്‍' അനുവദിക്കുന്ന പക്ഷം സ്വര്‍ഗത്തില്‍ നിന്ന് ഞാന്‍ അങ്ങേയ്ക്ക് 'ഷേക്ക് ഹാന്‍ഡ്' തരും.

പാബ്ലോ അലോണ്‍സോ ഹിദാല്‍ഗോ എന്ന 21-കാരനായ യുവ കര്‍മ്മലീത്താ സന്യാസിയാണ് കാന്‍സര്‍ രോഗം സമ്മാനിച്ച തീവ്രവേദനയുടെ നടുവിലും ഈശോയിലും അവിടുന്ന് വാഗ്ദാനം ചെയ്ത നിത്യജീവനിലുമുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മാര്‍പ്പാപ്പയ്ക്ക് ഇങ്ങനെയൊരു കത്തെഴുതിയത്. ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതെങ്കിലും ഉറപ്പുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സാക്ഷ്യമായ ഈ കത്ത് സ്പാനിഷ് മാധ്യമ പ്രവര്‍ത്തകയായ ഈവ ഫെര്‍ണാണ്ടസാണ് ലിസ്ബണിലേക്കുള്ള യാത്രാമധ്യേ പാപ്പായ്ക്ക് കൈമാറിയത്. ഈ കഴിഞ്ഞ ജൂലായ് 15-ന്, കര്‍മ്മലമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ത്തന്നെ, വേദനകളില്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായി.

പാബ്ലോയ്ക്ക് 16 വയസുള്ളപ്പോഴാണ് 'എവിങ്‌സ് സര്‍കോമ' എന്ന കാന്‍സറിന്റെ അപൂര്‍വ്വ വകഭേദമായ രോഗം അവനെ പിടികൂടിയത്. എന്നാല്‍, അതിനകംതന്നെ തനിക്കു ലഭിച്ചിരുന്ന ദൈവവിളിയില്‍ അവന്‍ ഉറച്ചുനിന്നു. ഒരു കര്‍മ്മലീത്താ സന്യാസിയായിത്തീരണം എന്ന ദൃഢനിശ്ചയമായിരിന്നു അവന് എപ്പോഴുമുണ്ടായിരുന്നത്. മരണത്തിന് മൂന്ന് ആഴ്ചകള്‍ക്കു മുമ്പ്, അതായത് ജൂണ്‍ 25ന്, തന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായി സന്യാസത്തിലേക്കുളള പ്രഥമ വ്രതവാഗ്ദാനം അവന്‍ നടത്തി.

കര്‍മ്മലീത്താ സന്യാസ സഭയില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതേക്കുറിച്ച് പാബ്ലോ സമൂഹ മാധ്യമത്തില്‍ ഇപ്രകാരമാണ് എഴുതിയത്: 'കുരിശ് എനിക്ക് ആനന്ദമാണ്, ദു:ഖമല്ല. എന്റെ ഈശോയുടെ മുമ്പില്‍ ഒരു കാഴ്ചദ്രവ്യമായി എന്റെ ജീവിതം പൂര്‍ണമായി ഞാന്‍ അര്‍പ്പിക്കുന്നു. രോഗം മൂലമുള്ള എന്റെ ക്ലേശങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. നാം ദൈവത്തില്‍ നിന്നു വരുന്നു, ദൈവത്തിലേക്കു തന്നെ മടങ്ങുന്നു. തന്റെ അളവില്ലാത്ത കരുണയാല്‍ പിതാവായ ദൈവം അവിടുത്തെ പക്കലേക്ക് എന്നെ വേഗം വിളിക്കും.'

ക്രൂശിതനായ ക്രിസ്തുവിനോടും അവിടുത്തെ മാതാവിനോടും ഐക്യപ്പെടണം എന്ന ആഗ്രഹത്താല്‍, പാബ്ലോ മരിയ ഡെലാ ക്രൂസ് (കുരിശിന്റെയും മറിയത്തിന്റെയും പോള്‍) എന്ന പേര് സ്വീകരിച്ചുകൊണ്ടാണ് അവന്‍ കര്‍മലീത്താ സന്യാസ സഭയില്‍ ഒരു നോവിസായി പ്രവേശിച്ചത്. കാരണം, ക്രിസ്തുവിന്റെ കുരിശില്‍ മാത്രമായിരുന്നു അവന്‍ എന്നും മഹത്വം ദര്‍ശിച്ചിരുന്നത്.

പാപ്പായ്ക്ക് എഴുതിയ കത്തില്‍, ക്രിസ്തുവിനെ കണ്ടുമുട്ടിയ അനുഭവത്തെക്കുറിച്ച് പാബ്ലോ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: ദൈവത്തിന്റെ പദ്ധതിയില്‍ എല്ലാത്തിനും ഒരു കാരണമുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. ജീവിതത്തിലുണ്ടായ ഉയര്‍ച്ചയിലും താഴ്ച്ചയിലും സഹനങ്ങളിലൂടെയുള്ള വിശുദ്ധീകരണത്തിലും ഞാന്‍ എപ്പോഴും സന്തോഷവാനായിരുന്നു. രോഗമല്ല, ക്രിസ്തുവാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം എന്നു ഞാന്‍ കണ്ടെത്തി. എന്റെ കൂട്ടുകാരോടും കുടുംബത്തോടും കര്‍മ്മലീത്താ സഭയിലെ എന്റെ സഹോദരരോടും ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ രോഗത്തിലൂടെയാണ് ഞാന്‍ ദൈവത്തെ കണ്ടുമുട്ടിയത്, അതേ രോഗത്തിലൂടെ ഞാന്‍ അവിടുത്തെ പക്കലേക്ക് പോകുന്നു, അതിനാല്‍ ഞാന്‍ അവിടുത്തേക്ക് നന്ദി പറയുന്നു.'

കത്തില്‍ മറ്റൊരിടത്ത്, പാബ്ലോ ഇങ്ങനെ എഴുതിയിരിക്കുന്നു: അങ്ങയോടും ലോകമെങ്ങും നിന്നുള്ള യുവജനങ്ങളോടുമൊപ്പം ലിസ്ബണിലായിരിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. യുവഹൃദയങ്ങളില്‍ കത്തുന്ന ക്രിസ്തു സ്‌നേഹത്തിന്റെ അഗ്‌നി കെടുത്തിക്കളയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എന്റെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ അറിയുന്നു. ലിസ്ബണില്‍ ഈ അഗ്‌നി ആളിക്കത്തട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാ യുവജനങ്ങളും ഈശോയെ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു! കാരണം, അത്രയധികം ആശ്വാസവും ആനന്ദവുമാണ് അവനില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുള്ളത്. ശാരീരികമായി ഞാന്‍ ദുര്‍ബലനാണെങ്കിലും പുണ്യവാന്മാരുടെ ഐക്യത്തില്‍ അങ്ങയോടൊപ്പം അവിടെയായിരിക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.

തന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വിതരണം ചെയ്യാനുള്ള ഒരു സ്മരണാഞ്ജലിയും പാബ്ലോ തയ്യാറാക്കിയിരുന്നു. സ്വന്തം ചിത്രവും 'ഞാന്‍ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു' എന്ന ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള തിരുവചനവും പുഷ്പിതമായ ഒരു കുരിശുമാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുരിശിന് താഴെ അവന്‍ ഇങ്ങനെ എഴുതി: 'നിത്യജീവന്റെ വൃക്ഷം, പ്രത്യാശയുടെ അടയാളം, എന്തെന്നാല്‍ ജീവന്റെ ഉടയവന്‍ ഇവിടെ വിശ്രമിക്കുന്നു.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26