യേശുവിന്റെ രൂപാന്തരീകരണം (മത്താ: 17:1-8, മര്‍ക്കോ: 9: 2 - 8 , ലൂക്ക: 9 :28-36 , പത്രോ : 1: 17 - 18 )
ആഗോള ക്രൈസ്തവ സഭ ഇന്നും നാളെയും യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സമാന്തര സുവിശേഷങ്ങളായ മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നിവരും പത്രോസ് ശ്ലീഹായുടെ ലേഖനത്തിലൂടെ സ്വന്തം സാക്ഷ്യവുമായും സുവിശേഷ ഭാഗത്തില്‍ ഇത് അവതരിപ്പിക്കുന്നു.ഈ സുവിശേഷങ്ങളില്‍ നാല് സംഭവങ്ങളാണ് നാം കാണുന്നത്.
1. ആദ്യ വരിയില്‍ പറയുന്ന ആറു ദിവസത്തിന് ശേഷം അതായത് ഏഴാമത്തെ ദിവസം സാബത്താണ്. അന്ന് ജെറുസലേം ദേവാലയത്തില്‍ കൂടാരത്തിരുനാള്‍ ആഘോഷിക്കപ്പെടുന്നു. കൂടാരത്തിരുനാളിന് ഇസ്രായേല്‍ ജനം മുഴുവന്‍ പ്രത്യേകിച്ച് പുരുഷന്മാരായ എല്ലാവരും ജെറുസലേം ദേവാലയത്തില്‍ ഒന്നിച്ചു കൂടും.ഇത് തങ്ങളുടെ കൂട്ടായ്മയെയും സാഹോദര്യത്തെയും പ്രാര്‍ത്ഥനാ ജീവിതത്തെയും സൂചിപ്പിക്കുന്നു. ഈ സമയത്ത് ദേവാലയത്തിലും പരിസര പ്രദേശങ്ങളിലും കൂടാരങ്ങള്‍ സ്ഥാപിച്ചാണ് ബന്ധുമിത്രാദികള്‍ സന്തോഷവും പ്രാര്‍ത്ഥനയും ആശംസിക്കുന്നത്. ഈ സംഭവത്തെയാണ് മത്തായിയുടെ സുവിശേഷത്തിലൂടെആദ്യം നമ്മോട് പറയുക.
2. ജറുസലേമിലേയ്ക്കു പോകുംവഴി ക്രിസ്തു പ്രിയ ശിഷ്യരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ ഒരു ഉയര്‍ന്ന മലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി താന്‍ സ്‌നേഹിക്കുന്ന ശിക്ഷ്യന്മാരെ പ്രത്യേകം തിരഞ്ഞെടുത്തവരെ യേശു തന്റെ രൂപാന്തരീകരണത്തിലേക്ക് പ്രത്യേകം ക്ഷണിക്കുകയാണ്. അടുത്ത വാചകത്തില്‍ നാം കാണുക യേശുവിന്റെ മുഖംസൂര്യനെപ്പോലെ വെട്ടി തിളങ്ങി എന്നാണ്. ഇത് നമ്മില്‍ നിന്നും വ്യത്യസ്തമായി യേശുവില്‍ ഉണ്ടാകുന്ന ഒരു പ്രാര്‍ത്ഥനാ ജീവിതത്തിന്റെ പ്രത്യേകതയാണ്.ഇത് കണ്ട പത്രോസ്,താന്‍ ജെറുസലേം ദേവാലയത്തില്‍ ആണെന്നും അവിടെ കൂടാരങ്ങള്‍ സ്ഥാപിച്ച് തന്റെ യേശുവിനോടുള്ള സ്‌നേഹത്തെ ഊട്ടിയുറപ്പിക്കാം എന്നുള്ള ചിന്തയിലൂടെ ആയിരിക്കണം,നമുക്ക് മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം എന്ന് പറയുന്നത്.യഥാര്‍ത്തത്തില്‍ പത്രോസിനോ ശിഷ്യന്മാര്‍ക്കോ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാത്ത വിധം കാര്യങ്ങള്‍ വളരെ ദൈവികതയിലേക്ക് വളര്‍ന്നു പോയിരുന്നു.
3.അവിടെ പ്രാര്‍ത്ഥിക്കവെ അവിടുത്തെ മുഖം തേജസാര്‍ന്നു. സൂര്യനെപ്പോലെ പ്രശോഭിച്ചു. വസ്ത്രം വെണ്മയാര്‍ന്നു. മോശയും ഏലിയായും ഇറങ്ങിവന്ന് അവിടുത്തോടു സംവദിച്ചു. ഏലിയ മോശ എന്നിവരുടെ സാന്നിധ്യം.അപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു, ''കര്‍ത്താവേ, നമ്മള്‍ ഇവിടെയായിരിക്കുന്നത് നല്ലതാണ്!അങ്ങേയ്ക്ക് ഇഷ്ടമാണെങ്കില്‍ നമുക്കിവിടെ മൂന്നു കൂടാരങ്ങള്‍ നിര്‍മ്മിക്കാം. ഒന്ന് അങ്ങേയ്ക്കും പിന്നെ മോശയ്ക്കും മറ്റൊന്ന് ഏലിയായ്ക്കും...' പറഞ്ഞു നില്‍ക്കെ ഒരു വെണ്‍മേഘം വന്ന് അവരെ മൂടിക്കളഞ്ഞു. കൂടെയുണ്ടായിരുന്ന മൂന്നു ശിഷ്യന്മാര്‍ ഈ മഹല്‍സംഭവത്തിന്റെ സാക്ഷികളായിരുന്നു.
മോശ എന്ന് പറയുന്നത് പുറപ്പാട് സംഭവത്തിലൂടെ ഇസ്രായേല്‍ ജനത്തിനായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവാണ് . ഏലിയ പ്രവാചകന്മാരില്‍ പ്രധാനിയാണ്. യേശു ആകട്ടെ പുതിയ നിയമത്തിന്റെ പൂര്‍ത്തീകരണവും സംരക്ഷകനും പ്രതീകവുമാണ്. കൂടാതെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാര്‍ നാളെയുടെ സഭയെ നയിക്കേണ്ടവരും സഭയുടെ പിന്‍ഗാമികളായി തിരഞ്ഞെടുക്കപ്പെട്ടവരുമാണ്.
4. നാല് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന ഒരു സുവിശേഷ ഭാഗമായിട്ടാണ് ഈ ഭാഗം നാം ചിന്തിക്കേണ്ടത്. പുറപ്പാട് സംഭവത്തിലൂടെ വന്ന മോശയും പ്രവാചക ദൗത്യത്തിലൂടെ വന്ന ഏലിയായും പ്രവചന പൂര്‍ത്തീകരണവുമായി യേശുവും സഭയുടെ നേതാവായ പത്രോസും സഭയെ ഒന്നടങ്കം പ്രതിനിധാനം ചെയ്യുന്നു. ശിഷ്യന്മാരിലൂടെ നാമും സഭയുടെ പിന്‍ഗാമികളായി തുടരുന്നതിനാല്‍ സഭയുടെ തലമുറകളില്‍ നമ്മളും വളരെ പ്രാധാന്യമുള്ളവരാണ്. കൂടാതെ ക്രൈസ്തവരായ നാം നാല് തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ബാധ്യസ്ഥരാണ് എന്നതും സുവിശേഷകന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
രണ്ട് വ്യത്യസ്തഅഭിപ്രായങ്ങള്‍
രൂപാന്തരീകരണത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഒന്ന് ശിഷ്യന്മാരുടേതാണ് മറ്റേത് യേശുവിന്റേതും. ശിഷ്യന്മാരുടെ അഭിപ്രായമെന്താണ്? യേശു രൂപാന്തരപ്പെടുമ്പോള്‍, അല്ലെങ്കില്‍ മഹത്വപ്പെടുമ്പോള്‍, അവിടുത്തെ മുഖം പ്രകാശിതമാകുമ്പോള്‍, വസ്ത്രം തിളങ്ങുമ്പോള്‍... ശിഷ്യന്മാര്‍ പറയുന്നു നമുക്കിവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്ന് മോശയ്ക്ക്, മറ്റൊന്ന് അങ്ങേയ്ക്ക്, പിന്നൊന്ന് ഏലിയായ്ക്ക്!തികച്ചും മാനുഷിക ചിന്താഗതി. ഇതാണ് താബോര്‍ മലയില്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചത്. 'കൂടാരം' കെട്ടി അവിടത്തന്നെ കൂടുക.അതായത് ഈ വലിയ സന്തോഷത്തിന്റെയും മഹത്വ ത്തിന്റെയും പ്രഭയുടെയും ഈ മഹിമയുടെ വലിയ അവസ്ഥയില്‍ അവിടെത്തന്നെ പാര്‍ക്കുക. ഇത് കൂടാര തിരുന്നാള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
യേശു ചെയ്യുന്നത് ശിഷ്യന്മാരുടെ കൈക്കു പിടിച്ച് അവരെയും കൂട്ടി ഒന്നും സംഭവിക്കാത്തതു പോലെ അവിടുന്ന് മലയിറങ്ങുന്നു. ഇതാണ് വിരുദ്ധത എന്നു പറയുന്നത്. ഒന്ന് ഈ മഹത്വത്തിന്റെ മലമുകളില്‍ കൂടാരാമടിച്ചു പാര്‍ക്കുവാനുള്ള ശിഷ്യന്റെ താല്‍പര്യമാണ്. അതെല്ലാം മനുഷ്യന്റെ പ്രലോഭനത്തിന്റെ സാധ്യതയാണ്. ആത്മീയ വളര്‍ച്ചയിലുള്ള കുറവാണ് അതിന്റെ മഹത്വത്തില്‍ അവിടെത്തന്നെ തമ്പടിച്ചുകൂടുക എന്ന ചിന്ത. ഇത് എന്നും മനുഷ്യന് ഉണ്ടാകുന്ന പ്രലോഭനമാണ്. ആത്മീയ മേഖലയിലും ഈ പ്രലോഭനം വളരെ ശക്തമാണ്. പക്ഷെ അതിന് വിരുദ്ധമാണ് യേശുവിന്റെ മനോഭാവം.
രൂപാന്തരീകരണം തരുന്നപ്രത്യാശ
പ്രത്യാശപകരുന്ന അനുസ്മരണവും ധ്യാനവുമാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം. മനുഷ്യര്‍ ദൈവത്തോടു കൂടെ ആയിരിക്കുന്നതിനും സഹോദരങ്ങള്‍ക്ക് ശുശ്രൂഷ ചെയ്തു ജീവിക്കാനും ഈ തിരുനാള്‍ ഏവരെയും ക്ഷണിക്കുന്നു. ലോകത്തിന്റേതായ ശൈലികളില്‍ നിന്നും ഭൗമിക വസ്തുക്കളില്‍ നിന്നും അകന്ന് ആത്മീയ മലകയറി ക്രിസ്തുവിനെ ധ്യാനിച്ചു ജീവിക്കാനുള്ള ഉത്തേജനമാണ് ശിഷ്യന്മാരുടെ താബോര്‍ ആരോഹണംനല്‍കുന്ന പ്രചോദനം. വിധേയത്വത്തോടെയും സന്തോഷത്തോടെയും വചനം ഉള്‍ക്കൊണ്ട്, പിതാവിനോട് ഗാഢമായി ഐക്യപ്പെട്ട് ശ്രദ്ധാപൂര്‍വ്വവും പ്രാര്‍ത്ഥനാപൂര്‍വ്വവും അവിടുത്തെ സ്വരം ശ്രവിക്കാനും അവിടുത്തെ ഹിതം അറിയാനുമാണ് ക്രിസ്തു താബോര്‍ മലയുടെ ഏകാഗ്രതയിലേയ്ക്ക് പോയത്.
മലമുകളിലെ രൂപാന്തരീകരണ സംഭവത്തിലൂടെ കാണിച്ചു തരുന്നത്- ചുറ്റുമുള്ള ലോകത്തില്‍ നിന്നുള്ള വിടുതലും ആത്മീയ ആരോഹണവുമാണ്. അവിടുന്നു പഠിപ്പിക്കുന്ന ഈ പരിത്യാഗത്തിന്റെ ആത്മീയ ശൈലി അനുകരിച്ച് അനുദിന ജീവിതത്തില്‍ മനോഹരവും മഹത്വമാര്‍ന്നതും സമാധാന പൂര്‍ണ്ണവും വചന സാന്ദ്രവുമായ ധ്യാനാത്മകതയുടെ ഏകാഗ്രമായ നിമിഷങ്ങള്‍ കണ്ടെത്താന്‍ ഇന്നും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.
മലമുകളില്‍ ശ്രവിച്ച ദിവ്യസ്വരം
പത്രോസിനും യാക്കോബിനും യോഹന്നാനും താബോര്‍ മലയില്‍ ലഭിച്ച രൂപാന്തരീകരണ ത്തിന്റെ സന്ദേശം നമുക്കും സ്വായത്ത മാക്കാം. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നമുക്കും രൂപാന്തരപ്പെടാം. എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്ന ശക്തി സ്‌നേഹമാണ്. സ്‌നേഹം എല്ലാറ്റിനെയും മാറ്റി മറിക്കുന്നു. സ്‌നേഹത്തിന് രൂപാന്തരീകരണ ശക്തിയുണ്ടെന്ന് മനസിലാക്കുകയല്ല, വിശ്വസിക്കുകയാണ് വേണ്ടത്. സ്‌നേഹം എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്നുവെന്നത് ക്രിസ്തീയ വിശ്വാസമാണ്.
ഉപസംഹാരം
ക്രിസ്തുവിന്റെ രൂപാന്തരീകരണ സംഭവത്തിന്റെ അനുസ്മരണയില്‍, അനുദിന ജീവിതത്തില്‍ നാം കേള്‍ക്കേണ്ടത് ദൈവ പിതാവിന്റെ സ്‌നേഹസ്വരമാണ്. ''ഇവനെന്റെ പ്രിയപുത്രന്‍! നിങ്ങള്‍ ഇവനെ ശ്രവിക്കുവിന്‍'' നാം ഈ ദിവ്യസ്വരം ശ്രവിക്കണം, ശ്രദ്ധിക്കണംദൈവവചനത്തിന് സദാ കാതോര്‍ക്കുകയും അത് ഉള്‍ക്കൊള്ളുകയും കാത്തുപാലിക്കുകയും ചെയ്ത പരിശുദ്ധ മറിയത്തിന്റെ മാതൃപാദങ്ങളെ പിന്‍ചെല്ലാം (ലൂക്കാ 1, 51). ദൈവവചനം ശ്രവിച്ചും അതനുസരിച്ചും ജീവിച്ച അമ്മ നമ്മെ തുണയ്ക്കട്ടെ! അതുവഴി ജീവല്‍ പ്രകാശമായ ക്രിസ്തു നമ്മുടെയും എളിയ ജീവിതങ്ങളെ പ്രകാശിപ്പിക്കട്ടെ!
ഏവര്‍ക്കും രൂപാന്തരീകരണ മംഗളങ്ങള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26