ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അംഗത്വം പുനസ്ഥാപിച്ചത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറിയിരുന്നു.
രാഹുല്‍ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
നാളെ നടക്കുന്ന സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തിരക്കിട്ട നീക്കം. രണ്ട് ദിവസം മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസിലാക്കിയ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ചര്‍ച്ചകളില്‍ വേണമെന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെയും നിലപാട്. നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടായിരുന്നു.അത്തരം നീക്കം ഉണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചതിന് പിന്നാലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. വിധിക്കെതിരായ അപ്പീല്‍ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹൂല്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ നിന്ന് രാഹുലിന് അനുകൂല വിധി ലഭിക്കുകയായിരുന്നു.
2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, എല്ലാ കള്ളന്മാര്‍ക്കും മോഡി എന്ന കുടുംബപേര് വന്നത് എങ്ങനെ? എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോഡിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.
വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കീഴ്‌ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
ബി.ആര്‍ ഗവായി, പി.എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അഭിഭാഷകന്‍ മനു അഭിഷേക് സിങവിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്. വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമാണ് രാഹുല്‍ ഗാന്ധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.