റോം: ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍ അനധികൃത കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ടു ബോട്ടുകള്‍ മുങ്ങി അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. മുപ്പതോളം പേരെ കാണാതായി. ടുണീഷ്യന്‍ തുറമുഖ നഗരമായ സ്ഫാക്‌സില്‍ നിന്ന് 48 പേരെയും മറ്റൊന്നില്‍ 42 പേരെയും വഹിച്ചുകൊണ്ട് യാത്ര പുറപ്പെട്ട ബോട്ടുകളാണ് മുങ്ങിയത്. 57 പേരെ രക്ഷപ്പെടുത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ബോട്ടിലെ യാത്രക്കാരായിരുന്ന യുവതിയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇറ്റാലിയന്‍ തീരസംരക്ഷണ സേന അറിയിച്ചു. സ്ഫാക്സിന് സമീപമുള്ള കടല്‍ത്തീരത്ത് 10 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ടുണീഷ്യന്‍ ഉദ്യോഗസ്ഥരും അറിയിച്ചു.
വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയില്‍ വീശിയടിച്ച കാറ്റിലാണ് ബോട്ട് മുങ്ങിയതെന്ന് അധികൃതര്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് അഭയം തേടിയുള്ള യാത്രയാണ് യുവതിയുടെയും 18 മാസം മാത്രമായ കുഞ്ഞിന്റെയും അവസാന യാത്രയായത്.
ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും ദാരിദ്ര്യത്തില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മെച്ചപ്പെട്ട ജീവിതം തേടി പലായനം ചെയ്യുന്ന ആളുകള്‍ക്ക് യൂറോപ്പിലേക്കു പലായനം ചെയ്യാനുള്ള പ്രധാന കേന്ദ്രമായി ടുണീഷ്യയിലെ സ്ഫാക്സ് തുറമുഖ നഗരം മാറിയിട്ടുണ്ട്. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരും സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്ന് സ്ഫാക്സ് തുറമുഖ നഗരത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂലൈ 20 വരെ ടുണീഷ്യന്‍ തീരത്ത് മുങ്ങിമരിച്ച 901 അനധികൃത കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രി ജൂലൈയില്‍ പറഞ്ഞിരുന്നു. സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്ന് ഇറ്റാലിയന്‍ തീരങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ ബോട്ടുകള്‍ മുങ്ങുന്നത് പതിവാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ വടക്കേ ആഫ്രിക്കയില്‍ നിന്ന് ബോട്ടില്‍ 78,000-ത്തിലധികം ആളുകള്‍ ഇറ്റലിയില്‍ വന്നിറങ്ങി. 2022-ല്‍ ഇതേ കാലയളവില്‍ എത്തിയതിന്റെ ഇരട്ടിയിലധികമാണിത്.
കൂടുതല്‍ വായനയ്ക്ക്:
ബോട്ട് ദുരന്തങ്ങൾ തുടർക്കഥ; ഇറ്റലിയിലെ അനധികൃത കുടിയേറ്റത്തിനു പിന്നിൽ ആസൂത്രിത ലക്ഷ്യങ്ങളോ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.