ബഹിരാകാശത്തേക്ക് ഒരുമിച്ച് പറക്കാനൊരുങ്ങി അമ്മയും മകളും; കരീബിയയില്‍നിന്നുള്ള ആദ്യ യാത്രക്കാര്‍

ബഹിരാകാശത്തേക്ക് ഒരുമിച്ച് പറക്കാനൊരുങ്ങി അമ്മയും മകളും; കരീബിയയില്‍നിന്നുള്ള ആദ്യ യാത്രക്കാര്‍

കാലിഫോര്‍ണിയ: ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ അമ്മയും മകളുമായി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് കരീബിയന്‍ രാജ്യത്തു നിന്നുള്ള കെയ്സ ഷാഹാഫും അനസ്റ്റഷ്യ മയേഴ്‌സും. കരീബിയന്‍ രാജ്യമായ ആന്റിഗുവ ആന്‍ഡ് ബര്‍ബുഡയില്‍നിന്നുള്ള അമ്മയും മകളുമാണ് സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ രണ്ടാമത്തെ വാണിജ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാകുന്നത്. ബ്രിട്ടിഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

ബഹിരാകാശ വിമാനമായ ഗാലക്റ്റിക് 02-ല്‍ യാത്ര ചെയ്യുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തുവിട്ടത്. 18-കാരിയായ അനസ്താഷ്യയും 44-കാരിയും സംരംഭകയുമായ അമ്മയും ഈ ആഴ്ച അവസാനം ബഹിരാകാശത്തേക്ക് പറക്കും. ഇവരെക്കൂടാതെ 2014ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ച, ഗ്രേറ്റ് ബ്രിട്ടനിലെ മുന്‍ ഒളിമ്പിക് മത്സരാര്‍ത്ഥി ജോണ്‍ ഗുഡ്വിന്‍ എന്ന 80-കാരനും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.

വിര്‍ജിന്‍ ഗാലക്ടിക്കിന്റെ നേതൃത്വത്തില്‍ ധനസമാഹരണ പരിപാടിയുടെ ഭാഗമായി നടത്തിയ ലോട്ടറി നറുക്കെടുപ്പിലൂടെയാണ് ഇരുവര്‍ക്കും ഈ അവസരം ലഭിച്ചിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡിലെ അബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്ര വിദ്യാര്‍ഥിനിയാണ് അനസ്റ്റഷ്യ. കരീബിയന്‍ ദ്വീപുകളില്‍ നിന്ന് ആദ്യമായി ബഹിരാകാശത്തേക്കു യാത്ര ചെയ്യുന്നവരെന്ന റെക്കോഡും ഇവര്‍ക്കു സ്വന്തമാകും. വ്യാഴാഴ്ച ന്യൂ മെക്സിക്കോയില്‍ നിന്നാണ് ഇരുവരും പറന്നുയരുന്നത്.

ബഹിരാകാശത്തെ കുറിച്ചറിയാന്‍ എനിക്ക് വളരെ താത്പര്യമാണെന്നും ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കെയ്സ പ്രതികരിച്ചു. 1,65000-ല്‍ അധികം ആളുകള്‍ ഈ ഫണ്ട് സ്വരൂപിക്കുന്ന പരിപാടിയില്‍ പങ്കാളികളായിട്ടുണ്ട്. എത്ര രൂപയാണ് കെയ്സ ലോട്ടറി പരിപാടിയിലേക്ക് നല്‍കിയതെന്നത് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.

ഫണ്ട് റെയ്സിങ്ങിലൂടെ 1.7 മില്ല്യണ്‍ ഡോളര്‍ തുകയാണ് കമ്പനി സ്വരൂപിച്ചത്. സ്പേസ് ഫോര്‍ ഹ്യുമാനിറ്റി എന്ന എന്‍.ജി.ഒയ്ക്ക് ഈ പണം കൈമാറും.

4,50000 ഡോളറാണ് ടിക്കറ്റിന് പരസ്യത്തില്‍ നല്‍കിയിരുന്ന വില. കമ്പനിയുടെ സ്ഥാപകന്‍ റിച്ചാഡ് ബ്രാന്‍സണ്‍ കെയ്സയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. ആരോഗ്യമേഖലയില്‍ പരിശീലകയാണ് കെയ്സ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവ പ്രവര്‍ത്തകയാണവര്‍.

ബഹിരാകാശത്തേക്ക് പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയാകുകയാണ് അനസ്താഷ്യ. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാന്‍ തനിക്ക് ഈ അനുഭവം ഉപയോഗിക്കാനാകുമെന്ന് അവര്‍ പ്രതീക്ഷ പങ്കുവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.