ഇന്ത്യയ്ക്കു തൊട്ടുപിന്നാലെ റഷ്യയും ചന്ദ്രനിലേക്ക്; ലൂണ-25 വെള്ളിയാഴ്ച്ച കുതിച്ചുയരും: ഒരു ഗ്രാമം മുഴുവന്‍ ഒഴിപ്പിക്കും

ഇന്ത്യയ്ക്കു തൊട്ടുപിന്നാലെ റഷ്യയും ചന്ദ്രനിലേക്ക്; ലൂണ-25 വെള്ളിയാഴ്ച്ച കുതിച്ചുയരും: ഒരു ഗ്രാമം മുഴുവന്‍ ഒഴിപ്പിക്കും

മോസ്‌കോ: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിന് തൊട്ടുപിന്നാലെ തിരക്കിട്ട് ആദ്യം ചാന്ദ്രദൗത്യം പൂര്‍ത്തികരിക്കാന്‍ ശ്രമിച്ച് റഷ്യയും. റഷ്യയുടെ ലൂണ-25 ഓഗസ്റ്റ് 11-ന് കുതിച്ചുയരും. 47 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ ഇത്തരമൊരു ദൗത്യം നടത്തുന്നത്. ചാന്ദ്രയാന്‍ ദൗത്യം പോലെ തന്നെ ദക്ഷിണ ധ്രുവം തന്നെയാണ് റഷ്യയും ലാന്‍ഡിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലൂണ അഞ്ചു ദിവസംകൊണ്ട് ലക്ഷ്യത്തിലെത്തും. തുടര്‍ന്ന്, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഏഴു ദിവസം ചെലവഴിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നേരെ ദക്ഷിണ ധ്രുവത്തിലെ 3 ലാന്‍ഡിങ് സൈറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഇറങ്ങും.

ഈ മാസം 23നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാന്‍ഡിങ്ങിനു മുന്‍പോ, അതിനൊപ്പമോ, തൊട്ടു പിന്നാലയോ ആയിരിക്കും ലൂണ-25 ചന്ദ്രോപരിതലം തൊടുക. ആരാദ്യം ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെത്തുമെന്ന ആകാംക്ഷയിലാണ് ലോകം. 2021 ഒക്ടോബറില്‍ നടത്താനിരുന്ന വിക്ഷേപണമാണ് രണ്ടു വര്‍ഷത്തോളം വൈകി ഇപ്പോള്‍ നടക്കുന്നത്. 1976 ല്‍ ആയിരുന്നു റഷ്യയുടെ അവസാന ചാന്ദ്രദൗത്യം.

ലൂണ-25, മോസ്‌കോയില്‍ നിന്ന് ഏകദേശം 3,450 മൈല്‍ (5,550 കിലോമീറ്റര്‍) കിഴക്കുള്ള വോസ്റ്റോക്നി കോസ്മോഡ്രോമില്‍ നിന്ന് വിക്ഷേപിക്കുമെന്നാണ് വിവരങ്ങള്‍. വിക്ഷേപണത്തിന് മുന്നോടിയായി ഒരു ഗ്രാമം മുഴുവന്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യ. വിക്ഷേപണത്തറയുടെ തെക്കുകിഴക്കുള്ള റഷ്യയിലെ ഖബറോവ്‌സ്‌ക് മേഖലയിലെ ഷാക്റ്റിന്‍സ്‌കി സെറ്റില്‍മെന്റിലെ താമസക്കാരെ ഓഗസ്റ്റ് 11 ന് അതിരാവിലെ ഒഴിപ്പിക്കും എന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്. റോക്കറ്റ് ബൂസ്റ്ററുകള്‍ വേര്‍പെടുത്തിയ ശേഷം ഈ ഗ്രാമത്തില്‍ വീഴുമെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

സോഫ്റ്റ് ലാന്‍ഡിംഗ് സാങ്കേതികവിദ്യകളുടെ വികസനം, ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഗവേഷണം, ജലം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ക്കായുള്ള പര്യവേക്ഷണം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ലാന്‍ഡര്‍ ഒരു വര്‍ഷത്തേക്ക് ചന്ദ്രോപരിതലത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.