• Mon Mar 31 2025

പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സ്ഥലം സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സ്ഥലം സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയിലെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിന്റെ അനക്സായ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയെ നാഷണല്‍ ആയുഷ് മിഷന്റെ സഹകരത്തോടെയാണ് നവീകരിക്കുന്നത്. മികച്ച യോഗാ സെന്റര്‍, വിപുലമായ ഔഷധസസ്യ ഉദ്യാനം, ഔഷധ ആഹാരക്രമം എന്നിവയെല്ലാം സമന്വയിപിച്ച് ആയുര്‍വേദത്തിന്റെ കേരളപെരുമ ലോകജനതയ്ക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുര്‍വേദ പഞ്ചകര്‍മ്മം ഉള്‍പ്പെടെയുള്ള സ്വാസ്ഥ്യ ചികിത്സാ വിധികള്‍ ലോകത്തിനു മുന്നില്‍ എടുത്തുകാട്ടുന്ന തരത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രമാണ് പദ്ധതിയിടുന്നത്.

അന്‍പതോളം പേര്‍ക്ക് ഒരേസമയം ചികിത്സ തേടാവുന്ന രീതിയില്‍, നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവുമുണ്ടാകും. കേരളീയ തനിമയിലുള്ള കെട്ടിട നിര്‍മിതിയും ഭൂപ്രകൃതി നവീകരണവുമാണ് നടത്തുക. അടുത്ത വര്‍ഷം തന്നെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.ഡി. സജിത് ബാബു, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍.രാജം, പ്രോഗ്രാം മാനേജര്‍ ഡോ.ആര്‍. ജയനാരായണന്‍ എന്നിവര്‍ മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.