മറവി രോഗത്തിനുള്ള മറുമരുന്ന് പച്ചമുളകിലുണ്ടെന്ന് ഓസ്ട്രേലിയൻ പഠനങ്ങൾ; തിരിയുമോ ലോകം ഇന്ത്യൻ ഭക്ഷണ രീതിയിലേക്ക്?

മറവി രോഗത്തിനുള്ള മറുമരുന്ന് പച്ചമുളകിലുണ്ടെന്ന് ഓസ്ട്രേലിയൻ പഠനങ്ങൾ; തിരിയുമോ ലോകം ഇന്ത്യൻ ഭക്ഷണ രീതിയിലേക്ക്?

മെൽബൺ: മഞ്ഞളിന് ശേഷം പച്ചമുളകിലും പലരോ​ഗത്തിനുമുള്ള പ്രതിവിധിളുമുണ്ടെന്ന് പുതിയ പഠനം. ഓസ്ട്രേലിയ പോലുള്ള വിദേശ രാജ്യങ്ങളിൽ മഞ്ഞൾ ​ഗുളിക രൂപത്തിൽ ഫാർമസികളിലടക്കം വിൽക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് പച്ചമുളകും രോ​ഗ പ്രതിരോധ മാർ​ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എരിവുള്ള പഴമായ മുളകിന് ഡിമെൻഷ്യ(മറവി രോ​ഗം) തടയാനുള്ള കഴിവുണ്ടെന്ന് ക്വീൻസ്‌ലൻഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

മുളകിൽ കാണപ്പെടുന്ന ക്യാപ്‌സൈസിൻ എന്ന തന്മാത്ര ഡിമെൻഷ്യയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും തടയുന്നതിൽ വരുത്തുന്ന വൈജ്ഞാനിക സ്വാധീനങ്ങളെക്കുറിച്ച് സതേൺ ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഈ മാസം അവസാനം വിശദമായ പഠനം നടത്തും. മറവി രോ​ഗത്തിന് മുമ്പ് ഉണ്ടാകുന്ന വയറിന് ചുറ്റുമുള്ള കൊഴുപ്പ് പരിഹരിക്കാൻ‌ പച്ചമുളക് സഹായിച്ചതായി ഗവേഷകനായ എഡ്വേർഡ് ബ്ലിസ് പറഞ്ഞു.

മൃ​ഗങ്ങളിലാണ് പരീക്ഷണം ആദ്യം നടത്തിയത്. എലിയെയാണ് അതിനായി തിരഞ്ഞെടുത്തത്. ഉയർന്ന കൊഴുപ്പും പഞ്ചസാരയും ഉള്ള ഭക്ഷണം കഴിക്കുന്ന എലികളിൽ ക്യാപ്സൈസിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു പരീക്ഷണം. 16 ആഴ്ച കാലയളവിൽ നടത്തിയ പരീക്ഷണം മൃ​ഗത്തിൽ വളരെയധികം മാറ്റങ്ങൾ സൃഷ്ടിച്ചു.

കൂടുതൽ ഗവേഷണത്തിലേക്കുള്ള ആദ്യപടി

ഇനി ആ പഠനം മനുഷ്യരിലേക്കും വ്യാപിപ്പിക്കുമെന്ന് ഡോ ബ്ലിസ് പറഞ്ഞു. 12 ആഴ്‌ചയ്‌ക്കുള്ളിൽ ക്വീൻസ് ലാനി‍ഡിലെ പട്ടണമായ ടൂവൂംബയിൽ ഏകദേശം 40 പേർക്ക് ഒരു ക്യാപ്‌സൈസിൻ നൽകുകയും വൈജ്ഞാനിക പ്രവർത്തനങ്ങൾ പരീക്ഷിക്കുകയും ചെയ്യും. പുത്തൻ പരീക്ഷണത്തിനായി എടുക്കുന്ന ആദ്യ ചുവടുവെപ്പാണിത്. ഇത് ഒരു സാധ്യതാ പഠനമാണെന്നും അദ്ദേഹം പറഞ്ഞു.

സുഗന്ധ വ്യഞ്ജനങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇത് ഏറ്റവും പുതിയതാണെന്ന് ഡിമെൻഷ്യ ഓസ്‌ട്രേലിയയുടെ മെഡിക്കൽ അഡൈ്വസർ അസോസിയേറ്റ് പ്രൊഫസർ മൈക്കൽ വുഡ്‌വാർഡ് പറഞ്ഞു. ഡിമെൻഷ്യയിൽ മഞ്ഞളിനെക്കുറിച്ച് സിഡ്‌നിയിലും പെർത്തിലും നടത്തിയ ഗവേഷണവും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ യഥാർത്ഥത്തിൽ സ്വാധീനിച്ചേക്കാം എന്ന ആശയം പുതിയതല്ല. രസകരമെന്നു പറയട്ടെ, മുളക് ഡിമെൻഷ്യയിൽ നിന്ന് സംരക്ഷിക്കുകയാണെങ്കിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഡിമെൻഷ്യ കുറവായിരിക്കുമെന്ന് കരുതും. പക്ഷെ കാര്യമായ വ്യായാമം ചെയ്യാത്തതിനാലാണ് ഇന്ത്യയിൽ ഇപ്പോഴും മറവിരോ​ഗം കാണപ്പെടുന്നതെന്ന് അദ്ദേഹം തമാശ രൂപേണേ പറഞ്ഞു.

ഡിമെൻഷ്യ റിസ്ക് എങ്ങനെ കുറയ്ക്കാം

മധ്യവയസ് മുതൽ ഒരു വ്യക്തി ദിവസത്തിൽ ഏകദേശം 40 മിനിറ്റും ആഴ്ചയിൽ അഞ്ച് തവണയും വ്യായാമം ചെയ്യുകയും മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്താൽ മറവി രോ​ഗം വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കാം. ഇത് തലച്ചോറിനും ഹൃദയത്തിനുമുള്ള മികച്ച ഭക്ഷണമാണ്. മസ്തിഷ്കം സജീവമായി നിലനിർത്തുകയും സാമൂഹികമായി ഇടപഴകുകയും ഏകാന്തത ഒഴിവാക്കുകയും വേണം.

മ‍ഞ്ഞളിന് പിന്നാലെ പച്ച മുളകും മരുന്നാകുന്നതോടെ ലോകം ഇന്ത്യൻ ഭക്ഷണ രീതിയിലേക്ക് തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വരും കാലങ്ങളിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ വൻ തോതിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി വിടാനും സാധ്യതയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.