ഇക്വഡോറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ നേതാവ്

ഇക്വഡോറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ നേതാവ്

ക്വിറ്റോ: ഇക്വഡോറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷിയോ വെടിയേറ്റ് മരിച്ചു. ഇന്നലെ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയില്‍ നടന്ന റാലിക്കിടെയാണ് അദ്ദേഹത്തിന് അക്രമികളുടെ വെടിയേറ്റത്. മരണവാര്‍ത്ത ആഭ്യന്തര മന്ത്രി ജുവാന്‍ സപാറ്റയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ, ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ മരണം സ്ഥിരീകരിച്ച് സമൂഹ മാധ്യമമായ എക്‌സില്‍ പ്രതികരിച്ചു.

ഇക്വഡോറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ 10 ദിവസം ബാക്കി നില്‍ക്കെയാണ് ദാരുണ സംഭവമുണ്ടാകുന്നത്. ക്വിറ്റോയില്‍ നടന്ന പരിപാടിക്ക് ശേഷം കാറില്‍ കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൂന്ന് തവണയാണ് 59-കാരനായ ഫെര്‍ണാണ്ടോയ്ക്ക് വെടിയേറ്റതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റാലിയില്‍ പങ്കെടുത്ത ഫെര്‍ണാണ്ടോ അനുകൂലികള്‍ക്ക് നേരെ അക്രമി ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു.

അക്രമി വെടിയുതിര്‍ക്കുമ്പോള്‍ ആളുകള്‍ നിലവിളിക്കുന്നതും നിലത്തേക്കു വീഴുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ മുന്‍നിരയിലുള്ള നേതാവായിരുന്നു ഫെര്‍ണാണ്ടോ. ഒന്നിലധികം തവണ വധഭീഷണി ലഭിച്ചതായി ആക്രമണം നടക്കുന്നതിന് അല്‍പം മുമ്പ് ഫെര്‍ണാണ്ടോ പറഞ്ഞിരുന്നു. കുറ്റവാളിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രതി ശിക്ഷിക്കപ്പെടുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഓഗസ്റ്റ് 20 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിലെ എട്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഫെര്‍ണാണ്ടോ. 2007 മുതല്‍ 2017 വരെ അധികാരത്തിലിരുന്ന മുന്‍ പ്രസിഡന്റ് റാഫേല്‍ കൊറിയയുടെ ഭരണകാലത്ത് അഴിമതിക്കെതിരായ ഏറ്റവും നിര്‍ണായക ശബ്ദങ്ങളിലൊന്നായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിലെ ഉന്നത അംഗങ്ങള്‍ക്കെതിരെ അദ്ദേഹം നിരവധി പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഇക്വഡോറില്‍ മയക്കുമരുന്ന് കടത്തും അക്രമാസക്തമായ കൊലപാതകങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായും കൂടിവരുന്ന സംഘടിത കുറ്റകൃത്യങ്ങളില്‍ നിയമപരമായി കടുത്ത ശിക്ഷ നടപ്പാക്കുമെന്നും ലാസോ കൂട്ടിച്ചേര്‍ത്തു. ഫെര്‍ണാണ്ടോയ്ക്ക് അഞ്ച് മക്കളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.