ന്യൂയോർക്ക്: അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപുകളിലെ കാട്ടുതീയിൽ മരണം 53 ആയി. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പതിനായിരത്തോളം പേർ ദ്വീപിൽ കുടുങ്ങി കിടക്കുകയാണ്. വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി.
മൂന്നു ദിവസമായി ദ്വീപിൽ വ്യാപിച്ച കാട്ടുതീയാണ് കനത്ത നാശം വിതച്ചത്. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നു. പതിനായിരത്തോളം വിനോദ സഞ്ചാരികളെ മാറ്റിപ്പാർപ്പിച്ചു. സഞ്ചാരികളോട് ദ്വീപ് വിടാൻ നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ നാവികസേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മാവി കൗണ്ടിയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലഹൈന പൂർണമായും കത്തി നശിച്ചു. പതിനായിരത്തോളം പേർ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണിത്. ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
മാവി കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. കൂടാതെ, ബിഗ് ഐലൻഡിലും വ്യാപകമായ നാശനഷ്ടമുണ്ടായി. ഹവായിയിൽ രൂപം കൊണ്ട ഡോറ ചുഴലിക്കാറ്റാണ് ദ്വീപിൽ തീ ആളികത്തിച്ചത്. 80 ശതമാനം തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദ്വീപിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
തീ അണയ്ക്കാനായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ശ്രമം തുടരുകയാണ്. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവർക്ക് അഭയമൊരുക്കുന്നതിനായി മൗയിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എന്നാൽ തീ പടരുന്ന സാഹചര്യത്തിൽ എല്ലാ ക്യാമ്പുകളിലും ആളുകൾ നിറഞ്ഞിരിക്കുകയാണ്.
തീപിടിത്തത്തിൽ ആളുകൾ മരിച്ചതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.