കലാപം കെട്ടടങ്ങാതെ മണിപ്പൂര്‍: അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്ന് മോഡിയോട് മെയ്തികള്‍; അരുതെന്ന് കുക്കികള്‍

കലാപം കെട്ടടങ്ങാതെ മണിപ്പൂര്‍: അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്ന് മോഡിയോട് മെയ്തികള്‍; അരുതെന്ന് കുക്കികള്‍

ഇംഫാല്‍: അന്താരാഷ്ട്ര അതിര്‍ത്തി പങ്കുവയ്ക്കുന്ന വടക്കുകിഴക്കിലെ തന്ത്രപ്രധാന സംസ്ഥാനമായ മണിപ്പുരില്‍ ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം സൃഷ്ടിച്ച കലാപം നൂറ് ദിനം കടന്നിട്ടും കെട്ടടങ്ങുന്നില്ല. രണ്ട് ജനവിഭാഗങ്ങള്‍ മണിപ്പുരില്‍ ശത്രുരാജ്യങ്ങളെപ്പോലെ പോരടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മണിപ്പൂരിലെ അസം റൈഫിള്‍സിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെവ്വേറെ കത്തെഴുതിയിരിക്കുകയാണ് മെയ്തി, കുക്കി എംഎല്‍എമാര്‍. മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം എന്ന് മെയ്തി എംഎല്‍എമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യരുതെന്നാണ് കുക്കി എംഎല്‍എമാരുടെ ആവശ്യം.

മെയ്തി വിഭാഗക്കാരായ 40 എംഎല്‍എമാരും കുക്കി വിഭാഗക്കാരായ 10 എംഎല്‍എമാരുമാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. മെയ്തി- കുക്കി സംഘര്‍ഷത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അസം റൈഫിള്‍സിനെയും സൈന്യം ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്ര സേനയേയും മണിപ്പൂരില്‍ വിന്യസിച്ചിരുന്നു. അസം റൈഫിള്‍സിനെ അവരുടെ വിന്യാസ സ്ഥലത്ത് നിന്ന് മാറ്റേണ്ടതുണ്ടെന്നും പകരം 'വിശ്വസനീയമായ കേന്ദ്ര സേനയ്ക്ക്' ചുമതല കൈമാറണം എന്നുമാണ് മെയ്തി വിഭാഗക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായുള്ള സസ്പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് (എസ്ഒഒ) കരാര്‍ പിന്‍വലിക്കുക, സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കുക, സ്വയംഭരണ ജില്ലാ കൗണ്‍സിലുകള്‍ (എഡിസികള്‍) ശക്തിപ്പെടുത്തുക എന്നിവയും മെയ്തി എംഎല്‍ എമാര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കുക്കി ഗ്രൂപ്പുകളുടെ 'പ്രത്യേക ഭരണം' എന്ന ആവശ്യത്തെയും മെയ്തി എതിര്‍ത്തു.

പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് അസം റൈഫിള്‍സിന് പകരം മറ്റേതെങ്കിലും അര്‍ധസൈനിക സേനയെ നിയോഗിക്കണം എന്ന് ബിജെ ിയുടെ മണിപ്പൂര്‍ യൂണിറ്റും മോഡിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം ഗോത്രവിഭാഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അസം റൈഫിള്‍സിനെ മാറ്റരുത് എന്നാണ് കുക്കി എംഎല്‍എമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അസം റൈഫിള്‍സ് മണിപ്പൂരില്‍ മുന്‍ വിധികളോ പക്ഷപാതമോ ഇല്ലാതെ തങ്ങളുടെ ജോലി നിര്‍വഹിച്ചതായി കുക്കി എംഎല്‍എമാര്‍ പറഞ്ഞു. എല്ലാ ഗോത്രവര്‍ഗ സമുദായങ്ങള്‍ക്കും വേണ്ടി, തിരഞ്ഞെടുക്കപ്പെട്ട ആദിവാസി പ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഹാനികരവും അപകടകരവുമായി അസം റൈഫിള്‍സിനെ സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യരുതെന്ന് വിനീതമായി ആവശ്യപ്പെടുന്നു എന്നാണ് കുക്കി എംഎല്‍എമാര്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് സംസ്ഥാന സേനയെ നിയന്ത്രിക്കണമെന്നും അവരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ബഫര്‍ സോണുകള്‍ ലംഘിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കാനും അഭ്യര്‍ത്ഥിക്കുന്നതായും എംഎല്‍എമാര്‍ പറഞ്ഞു. നേരത്തെ അസം റൈഫിള്‍സിനെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു. അസം റൈഫിള്‍സ് മാനവികതയെ സംരക്ഷിക്കുകയും സങ്കീര്‍ണമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉറച്ചുനില്‍ക്കുകയും പക്ഷപാതമില്ലാത്തവരായിരിക്കുകയും ചെയ്യുന്നതിനാലാണ് മെയ്തികള്‍ കുറ്റപ്പെടുത്തതെന്നും കുക്കികള്‍ ആരോപിച്ചു.

സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ്. അപ്പോഴും പ്രധാനമന്ത്രി ദുരൂഹമായ മൗനത്തിലാണ്. മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ല. ഭരണാധികാരിയെന്ന നിലയില്‍ പൂര്‍ണ പരാജയമാണ് മോഡി എന്നതിന് മണിപ്പുര്‍ സാക്ഷ്യമാകുന്നു.

ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. കുക്കി, മെയ്ത്തീ വിഭാഗങ്ങളിലെ ക്രൈസ്തവ വിശ്വാസികളാണ് കലാപത്തിന്റെ കെടുതികള്‍ കൂടുതലായി നേരിട്ടത്. ഇംഫാലില്‍ അടക്കം അക്രമികള്‍ അഗ്‌നിക്കിരയാക്കിയ കത്തോലിക്കാ പള്ളികള്‍ ഒരു പുനര്‍നിര്‍മാണത്തിനുള്ള സാധ്യത പോലുമില്ലാതെ കത്തിയമര്‍ന്നു.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ ഒരു വാക്കുകൊണ്ടു പോലും സാന്ത്വനമേകിയില്ലെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക് ലുമോണ്‍ ഹൃദയവ്യഥയോടെ പറയുകയുണ്ടായി. ഇംഫാലില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ബിഷപ് ഹൗസിലേക്ക് തിരിഞ്ഞുനോക്കിയില്ല. എഴുന്നൂറോളം പള്ളികള്‍ താഴ്വരയിലും കുന്നുകളിലുമായി തകര്‍ക്കപ്പെട്ടു.

ബിജെപിയുടെ ഇരട്ടഎന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പുരില്‍ പൂര്‍ണപരാജയമായി മാറിയെന്ന് സുപ്രീം കോടതിക്ക് പോലും തുറന്നടിക്കേണ്ടി വന്നു. ഭരണവാഴ്ച പൂര്‍ണമായും തകര്‍ന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭരണകൂട സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി.
മണിപ്പുര്‍ പൊലീസിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടമാക്കിയ സുപ്രീം കോടതി കലാപക്കേസുകളുടെ മേല്‍നോട്ടത്തിനായി മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു മുന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. കോടതിയടക്കം വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ മോഡി സര്‍ക്കാരും ബിജെപി നേതൃത്വവും സംരക്ഷിക്കുകയാണ്. ബിരേന്‍ സിങ്ങിനെ മാറ്റാതെ സമാധാന പുനസ്ഥാപനം സാധ്യമാകില്ലെന്ന് പ്രതിപക്ഷ പാര്‍ടികള്‍ കൂട്ടായി ചൂണ്ടിക്കാട്ടിയിട്ടും മോഡിയുടെ നിലപാടില്‍ ഇതുവരെ മാറ്റമുണ്ടായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.